വാഷിംഗ്ടൺ : മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന് മേൽ കനത്ത വ്യോമാക്രമണവുമായി അമേരിക്കൻ സൈന്യം. ജോർദാനിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഈ അതിശക്തമായ സൈനിക നടപടിയെന്ന് യുഎസ് വ്യക്തമാക്കി. രാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരരായ അമേരിക്കൻ സൈനികരോടുള്ള ആദരസൂചകമായാണ് ഇറാന് മേൽ തങ്ങൾ കനത്ത പ്രഹരമേൽപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാനെ ഒരു തരത്തിലും ആണവായുധം കൈവരിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ പൂർണ്ണമായും അമേരിക്കയുടെ കൈകളിലാണെന്നും ഇറാൻ അവിടെ നിസ്സഹായരാണെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ സൈനിക ശേഷിയും കമാൻഡ് സെന്ററുകളും തകർക്കുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായ ഒൻപതാം രാത്രിയാണ് യുഎസ് സേന ഇറാന്റെ മണ്ണിൽ കനത്ത ബോംബാക്രമണം നടത്തുന്നത്.
ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഐആർജിസി നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതോടെയാണ് സംഘർഷം പുതിയ തലത്തിലെത്തിയത്. തുടർന്ന് ഇറാഖിൽ തകർത്തുവീഴ്ത്തിയ ഇറാനിയൻ ഡ്രോൺ നിയന്ത്രിതമായി സ്ഫോടനം നടത്തി നശിപ്പിക്കുന്നതിനിടയിൽ മറ്റൊരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ അമേരിക്ക സൈനിക നീക്കം അതിശക്തമാക്കി. യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഉത്തരവിനെ തുടർന്ന് യുദ്ധവിമാനങ്ങളും കടലിൽ നിന്ന് തൊടുത്തുവിട്ട ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ അമേരിക്ക തകർത്തത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ താവളങ്ങൾ, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തെക്കുപടിഞ്ഞാറൻ ഇറാനിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ആണവനിലയത്തിന്റെ പരിസരത്തും യുഎസ് മിസൈലുകൾ പതിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു ചരക്കുകപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും യുഎസ് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തങ്ങളുടെ തീരപ്രദേശങ്ങളിലെ അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കുന്നത് വരെ മിഡിൽ ഈസ്റ്റിലെ യുഎസ് സഖ്യരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ നിലപാട്. ഇതിനോടകം ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ ഇറാന്റെ ഡ്രോണുകളെ പ്രതിരോധിക്കാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂർച്ഛിക്കുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ടെന്നും മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.









