റെയിൽവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്ദേഭാരത്, രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിൻ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ (NFR) കീഴിലുള്ള കതിഹാർ ഡിവിഷനിലെ ന്യൂ ജൽപായ്ഗുരി യാർഡിൽ അത്യാധുനിക സിഗ്നലിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 26 മുതൽ ജൂലൈ 28 വരെയാണ് സിഗ്നലിംഗ് നവീകരണ ജോലികൾ നടക്കുന്നത്. ഇതുവഴിയുള്ള യാത്രാക്ലേശം ഒഴിവാക്കാൻ യാത്രക്കാർ റെയിൽവേ സമയം മുൻകൂട്ടി പരിശോധിക്കണമെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (CPRO) കപിഞ്ജൽ കിഷോർ ശർമ്മ അറിയിച്ചു.
ട്രെയിനുകളുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താനും സുരക്ഷിതവും സുഗമവുമായ ഓട്ടത്തിന് റെയിൽവേയെ സഹായിക്കാനുമായി മൾട്ടി-സെക്ഷൻ ഡിജിറ്റൽ ആക്സിൽ കൗണ്ടർ (MSDAC) സംവിധാനമാണ് യാർഡിൽ കമ്മീഷൻ ചെയ്യുന്നത്. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ യാർഡുകളിലൊന്നായ ന്യൂ ജൽപായ്ഗുരിയിൽ ഈ അത്യാധുനിക സിഗ്നലിംഗ് വരുന്നതോടെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് വലിയ പരിഹാരമാകും. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ സർവീസുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കുകയോ, വഴിതിരിച്ചുവിടുകയോ ചെയ്യും. പ്രധാന സർവീസായ ഹൗറ – ന്യൂ ജൽപായ്ഗുരി വന്ദേഭാരത് എക്സ്പ്രസ് (Train No 22301) ജൂലൈ 28-ന് കിഷൻഗഞ്ചിൽ സർവീസ് അവസാനിപ്പിക്കും. തുടർന്ന് കിഷൻഗഞ്ചിനും ന്യൂ ജൽപായ്ഗുരിക്കുമിടയിലുള്ള ഈ ട്രെയിനിന്റെ സർവീസ് പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.
കൂടാതെ ട്രെയിൻ നമ്പർ 55749/55750 ന്യൂ ജൽപായ്ഗുരി-ഹാൽദിബാരി പാസഞ്ചർ ട്രെയിനും ജൂലൈ 28-ന് സർവീസ് നടത്തില്ല. രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള മറ്റ് ദീർഘദൂര പ്രീമിയം ട്രെയിനുകൾ ബദൽ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടാനോ നിശ്ചിത സമയത്തിലും വൈകി സർവീസ് ആരംഭിക്കാനോ ആണ് റെയിൽവേയുടെ തീരുമാനം. ഇത് സംബന്ധിച്ച ട്രെയിനുകളുടെ പൂർണ്ണമായ പട്ടികയും പുതുക്കിയ സമയവിവരങ്ങളും റെയിൽവേ വെബ്‌സൈറ്റിലും സ്റ്റേഷനുകളിലും ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ റൂട്ടിൽ യാത്ര പ്ലാൻ ചെയ്യുന്നവർ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












