പാചകവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടെന്ന ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശത്ത് പോയി പഠിച്ചാലും മടങ്ങിയെത്തുമ്പോൾ പാചകം ചെയ്യാൻ പഠിക്കണമെന്ന പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ പ്രസംഗിച്ചപ്പോൾ മകന്റെ ഭാര്യക്ക് മാത്രം എന്നല്ല പറഞ്ഞതെന്നും, ‘മക്കൾക്ക്’ എന്നുകൂടിയാണ് പറഞ്ഞതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മക്കൾ എന്ന് പറയുമ്പോൾ അതിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടില്ലേ എന്നും സതീശൻ ചോദിച്ചു.
പാചകം എന്നത് ഏതെങ്കിലും ഒരു ലിംഗവിഭാഗത്തിന് മാത്രം മാറ്റിവെച്ചിട്ടുള്ള പണിയല്ലെന്നും വീട്ടിലെ എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഒരു ജീവിത നൈപുണ്യമാണെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്ത് തനിക്കെതിരെ സ്ത്രീവിരുദ്ധ പട്ടം ചാർത്താനാണ് ചിലർ ശ്രമിക്കുന്നത്. പ്രസംഗത്തിലെ വരികൾക്കിടയിലെ അർത്ഥം മനസ്സിലാക്കാതെ രാഷ്ട്രീയ ലാഭത്തിനായി ചിലർ വിഷയം വിവാദമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെൺകുട്ടികളെ മാത്രം ഉദ്ദേശിച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചതെന്നും അത് പരമ്പരാഗതമായ സ്ത്രീവിരുദ്ധ ചിന്താഗതിയുടെ പ്രതിഫലനമാണെന്നും ആരോപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ, വാക്കുകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് നടക്കുന്നതെന്നും, തന്റെ പ്രസ്താവനയിൽ യാതൊരുവിധ സ്ത്രീവിരുദ്ധതയുമില്ലെന്നാണ് ന്യായീകരണം.












