ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മാമാങ്കമായ ‘ ഗ്രാമോത്സവത്തിന്റെ’ കേരളത്തിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നു. ഇത്തവണ കായികപ്രേമികളെ ഞെട്ടിച്ചുകൊണ്ട് പങ്കാളിത്തത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ആയിരത്തിലധികം ഗ്രാമീണ കളിക്കാരാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കാനായി ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം അറുന്നൂറോളം പേർ പങ്കെടുത്ത സ്ഥാനത്താണ് ഈ വലിയ കുതിച്ചുചാട്ടം. ഗ്രാമീണ മേഖലകളിൽ കായികമേളയ്ക്ക് ലഭിക്കുന്ന വൻ പ്രചാരവും സ്വാധീനവുമാണ് ഇത് വ്യക്തമാക്കുന്നത്.
ഘട്ടം ഘട്ടമായി നടത്തുന്ന ടൂർണമെന്റിന്റെ ക്ലാസ്റ്റർ തല മത്സരങ്ങൾ ഓഗസ്റ്റ് 1-2 തീയതികളിൽ കേരളത്തിൽ അരങ്ങേറും. തുടർന്ന് വിജയികളാകുന്ന ടീമുകൾ ഓഗസ്റ്റ് 15-ന് എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഡിവിഷണൽ റൗണ്ടിൽ ഏറ്റുമുട്ടും. ഡിവിഷണൽ തലത്തിൽ യോഗ്യത നേടുന്ന ടീമുകൾക്ക് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലുള്ള ആദിയോഗിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. പുരുഷന്മാർക്ക് വോളിബോളും സ്ത്രീകൾക്ക് ത്രോബോളുമാണ് മത്സര ഇനങ്ങൾ.
ആകെ ഒരു കോടി രൂപയിലധികം സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ഗ്രാന്റ് ഫിനാലെയിലെ വിജയികളാകുന്ന വോളിബോൾ, ത്രോബോൾ ടീമുകൾക്ക് 5 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ വീതവും ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയുമാണ് സമ്മാനം. കൂടാതെ പരാലിമ്പിക് വിഭാഗത്തിനും മികച്ച വനിതാ താരത്തിന് ബൈക്ക് ഉൾപ്പെടെയുള്ള ആകർഷകമായ പ്രത്യേക സമ്മാനങ്ങളും നൽകുന്നുണ്ട്.
സദ്ഗുരുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ രൂപംകൊണ്ട ഈശ ഗ്രാമോത്സവം പൂർണ്ണമായും ഗ്രാമീണരായ സാധാരണക്കാർക്ക് (കർഷകർ, ദിവസവേതനക്കാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ) മാത്രമുള്ളതാണ്. ദേശീയ-അന്തർദേശീയ തലത്തിൽ കളിച്ച പ്രൊഫഷണൽ താരങ്ങൾക്ക് ഇതിൽ പങ്കെടുക്കാനാകില്ല. കായികരംഗത്തിലൂടെ ഗ്രാമീണ സൗഹാർദ്ദം വളർത്താനും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ മത്സരത്തിലേക്ക് അർഹത അല്ലാത്തവർക്ക് isha.co/gramotsavam എന്ന ലിങ്കിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.












