മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. മനസ്സിലുള്ളത് ഒട്ടും ഒളിച്ചുവെക്കാതെ അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ധ്യാൻ പറഞ്ഞു. കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയായിരുന്നു താരത്തിന്റെ രസകരവും എന്നാൽ ശ്രദ്ധേയവുമായ പ്രതികരണം.
സർക്കാരിന്റെ ഹെലികോപ്റ്റർ യാത്രയും മലപ്പുറത്തെ ഉച്ചഭക്ഷണ സൽക്കാരവും വലിയ രീതിയിൽ രാഷ്ട്രീയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് ധ്യാൻ ശ്രീനിവാസൻ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. “നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസ്സിന്റെ സൂചികയാണ് മുഖം എന്ന് പറയാറുണ്ട്. ചില ആളുകളുടെ മനസ്സിലുള്ളതെല്ലാം മുഖത്ത് വരും. പുറമെ ചിരിച്ചുകൊണ്ട് അകത്ത് കഴുത്തറുക്കുന്ന പലരെയും നാം ജീവിതത്തിൽ കണ്ടിട്ടുണ്ടാകും. എന്നാൽ മനസ്സിൽ എന്താണോ ഉള്ളത്, അത് അതേപടി തുറന്നുകാണിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്,” എന്ന് ധ്യാൻ വ്യക്തമാക്കി.












