സ്കൂൾ വിദ്യാർത്ഥിനിയായ പത്താം ക്ലാസുകാരിയെ സ്വന്തം പിതാവും വാടകവീട്ടുടമയും അടക്കമുള്ള ഏഴംഗ സംഘം വർഷങ്ങളായി ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി ഞെട്ടിക്കുന്ന വിവരം. പത്തനംതിട്ട മലയാലപ്പുഴയിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം പുറത്തുവന്നത്. കേസിൽ വാടകക്കെട്ടിടത്തിന്റെ ഉടമയും മറ്റൊരു താമസക്കാരനും അടക്കം മൂന്ന് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് അടക്കം രണ്ട് പ്രതികൾ നിലവിൽ വിദേശത്താണുള്ളത്. ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നിയമനടപടികൾ പോലീസ് വേഗത്തിലാക്കി. കേസ് അന്വേഷണത്തിനിടെ പ്രതികളിലൊരാൾ പ്രായാധിക്യം കാരണം മരണപ്പെട്ടതായും വ്യക്തമായിട്ടുണ്ട്.
പെൺകുട്ടി സ്കൂളിലെ സഹപാഠികളോട് താൻ നേരിടുന്ന ക്രൂരത തുറന്നുപറഞ്ഞതോടെയാണ് പുറംലോകം വിവരം അറിയുന്നത്. കുട്ടികൾ വിവരം അധ്യാപകരെയും തുടർന്ന് ചൈൽഡ് ലൈനെയും അറിയിക്കുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി (CWC) നിർദ്ദേശപ്രകാരം മലയാലപ്പുഴ പോലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയുമായിരുന്നു. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം പിതാവിൽ നിന്ന് ആദ്യമായി ലൈംഗികാതിക്രമം നേരിടുന്നത്. തുടർന്ന് അമ്മ ജോലിക്ക് പുറത്തുപോകുന്ന സമയങ്ങളിൽ വാടകവീട്ടിൽ വെച്ചും മറ്റും പലരും കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ചൈൽഡ് ലൈൻ കൗൺസിലിംഗിൽ പെൺകുട്ടി വെളിപ്പെടുത്തി.
വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത വ്യക്തികൾ പീഡിപ്പിച്ചതിനാൽ ഏഴ് വ്യത്യസ്ത എഫ്.ഐ.ആറുകളാണ് (FIR) പോലീസ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരു കേസ് അന്വേഷണ പരിധി കണക്കിലെടുത്ത് പെരുനാട് പോലീസിന് കൈമാറും. വിദേശത്തുള്ള പെൺകുട്ടിയുടെ പിതാവിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പോലീസ്, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.












