ഇന്ത്യൻ സൈന്യത്തിന്റെയും ബി.എസ്.എഫിന്റെയും നിർണ്ണായക വിവരങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് (ISI) ചോർത്തി നൽകിയ പാകിസ്താൻ പൗരൻ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ. ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് (STF) നടത്തിയ നീക്കത്തിലാണ് പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ റാണാ റൗഫ് എന്നയാൾ പിടിയിലായത്. വ്യാജ വ്യാജരേഖകൾ നിർമ്മിച്ച് വർഷങ്ങളായി ഇന്ത്യയിൽ കഴിഞ്ഞുകൂടുകയായിരുന്നു ഇയാൾ.
2012 മുതൽ നേപ്പാളിൽ കഴിഞ്ഞിരുന്ന റൗഫ്, പിന്നീട് അതിർത്തി വഴി നിയമവിരുദ്ധമായാണ് ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് കൊൽക്കത്തയിലെ തോപ്സിയയിലെ വ്യാജ മേൽവിലാസത്തിൽ ‘വാഹഫ്’ എന്ന പേരിൽ വ്യാജ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി സ്ഥിരതാമസമാക്കുകയായിരുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ്, ബി.എസ്.എഫ് അതിർത്തി നീക്കങ്ങൾ, റയിൽവേ ഇൻഫ്രാസ്ട്രക്ചർ, ട്രെയിൻ ഗതാഗത വിവരങ്ങൾ എന്നിവ ചോർത്തലായിരുന്നു ഐ.എസ്.ഐ ഇയാൾക്ക് നൽകിയിരുന്ന പ്രധാന ചുമതല. നേപ്പാളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ ചാരശൃംഖലയിലേക്ക് ആകർഷിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
റൗഫുമായി അടുത്ത ബന്ധമുള്ള മറ്റൊരാളെക്കൂടി എസ്.ടി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് വ്യാജ രേഖകളും ഡിജിറ്റൽ തെളിവുകളും അധികൃതർ പിടിച്ചെടുത്തു. ബംഗ്ലാദേശ് വഴി പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിടവേയാണ് റൗഫ് വലയിലായത്. ഐ.എസ്.ഐ ഹാൻഡ്‌ലർമാരുമായി ഇയാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നതായും സംഭവത്തിന് പിന്നിൽ വലിയൊരു ചാരശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ റിമാൻഡ് ചെയ്തു.










