ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും കർശനമായ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെയും വാനോളം പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെരഞ്ഞെടുപ്പ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി ഇന്ത്യയിലെ വോട്ടർ ഐഡി രീതി മാതൃകയാക്കണമെന്നും വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ രേഖകളും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ എത്രയും വേഗം നടപ്പിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നതെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ യുഎസ് ഭരണകൂടത്തോട് ചോദിച്ച കാര്യം ട്രംപ് തന്റെ പോസ്റ്റിൽ എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വോട്ടർ തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്നതിലെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം യുഎസ് തെരഞ്ഞെടുപ്പ് സംവിധാനത്തിലെ പരിഷ്കാരങ്ങൾക്കായി വാദിച്ചത്.
ഇന്ത്യയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടി വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വോട്ട് (പോസ്റ്റൽ ബാലറ്റ്) ഉപയോഗിച്ചതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ഓരോ വോട്ടർക്കും കൃത്യമായ ഫോട്ടോ ഐഡന്റിറ്റി കാർഡ് ഉണ്ടായിരുന്നുവെന്നും, അതിനാൽ തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാൻ അമേരിക്കൻ കോൺഗ്രസ് അടിയന്തരമായി സേവ് അമേരിക്ക ആക്ട് പാസാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ രജിസ്ട്രേഷന് പൗരത്വ രേഖകൾ നിർബന്ധമാക്കുക, രാജ്യവ്യാപകമായി ഫോട്ടോ ഐഡി കാർഡ് ഏർപ്പെടുത്തുക, തപാൽ വോട്ടുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരിക എന്നിവയാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പുകഴ്ത്തിയുള്ള ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ നിരീക്ഷണം തികച്ചും കൃത്യമാണെന്നും ഇന്ത്യയിലെ കോടിക്കണക്കിന് വോട്ടർമാർ തിരിച്ചറിയൽ കാർഡ് വഴിയാണ് വോട്ടവകാശം വിനിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ തെരഞ്ഞെടുപ്പുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി സേവ് അമേരിക്ക ആക്ട് പാസാക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.









