വിമാനം റദ്ദാക്കിയതിനെ തുടർന്ന് യുഎഇയിൽ തനിക്കും മറ്റ് പാകിസ്ഥാൻ യാത്രക്കാർക്കും ഹോട്ടൽ താമസസൗകര്യം നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവും മുൻ ദേശീയ അസംബ്ലി സ്പീക്കറുമായ അസദ് ഖൈസർ. ഇന്ത്യൻ, അമേരിക്കൻ പാസ്‌പോർട്ടുകൾ കൈവശമുള്ള യാത്രക്കാർക്ക് മാത്രമാണ് ഹോട്ടലിൽ താമസസൗകര്യം അനുവദിച്ചതെന്ന് അദ്ദേഹം പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഉന്നയിച്ചു. വിമാനം റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും തുടർന്ന് ഹോട്ടൽ സൗകര്യം തേടുകയും ചെയ്തപ്പോഴായിരുന്നു ഈ വിവേചനം നേരിട്ടത്.
ഇന്ത്യൻ, യുഎസ് പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമേ ഹോട്ടൽ സൗകര്യം നൽകുകയുള്ളൂവെന്ന് വിമാനത്താവളത്തിൽ വെച്ച് തന്നെ അനൗൺസ്മെന്റ് നടത്തിയതായും അസദ് ഖൈസർ ആരോപിച്ചു. പാകിസ്ഥാൻ പൗരന്മാരോട് യുഎഇ കാണിച്ച ഈ വിവേചനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, വിഷയത്തിൽ നയതന്ത്ര തലത്തിൽ അടിയന്തരമായി ഇടപെടണമെന്നും യുഎഇ അധികൃതരുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ സർക്കാർ തയ്യാറാകണമെന്നും അസംബ്ലിയിൽ ആവശ്യപ്പെട്ടു.










