അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ അതിക്രമിച്ചു കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭജീത് ദിപ്കെയ്ക്കും മറ്റ് പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലുള്ള ഔസ പോലീസ് സ്റ്റേഷനിലാണ് ദിപ്കെ, പാർട്ടി പ്രവർത്തകൻ അജിങ്ക്യ ഷിൻഡെ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാവലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അനുമതിയില്ലാതെ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ സ്കൂളിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ഇരിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങളെയും നിലവാരത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തത് ക്ലാസ് മുറികളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകിടം മറിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സന്ദർശന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനൊപ്പം, സ്‌കൂളിൽ ഇതര വിദ്യാർത്ഥികളെ ഇരുത്തിയിരിക്കുകയാണെന്ന് വ്യാജമായി ആരോപിച്ച് വിദ്യാലയത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
മാത്രമല്ല, അധ്യാപകരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിജെപി ആരംഭിച്ച ‘സ്‌കൂൾ തീക് കരോ’ (സ്‌കൂൾ നന്നാക്കൂ) എന്ന കാമ്പയിന്റെ ഭാഗമായാണ് നേതാക്കൾ സ്‌കൂളുകളിൽ അനുമതിയില്ലാതെ പരിശോധനകൾ നടത്തുന്നത്. ഹിംഗോളിയിൽ നിന്ന് ആരംഭിച്ച ഈ പരിപാടി വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ജയ്പുരിലെ സ്‌കൂൾ സന്ദർശനത്തിനിടെ സിജെപി പ്രവർത്തകർക്ക് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടാവുകയും, മുംബൈയിൽ മുനിസിപ്പൽ സ്‌കൂളുകളിൽ ഇവരുടെ പ്രവേശനം കോർപ്പറേഷൻ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി വിലക്കുകയും ചെയ്തിരുന്നു.








