വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെ (എസ്പി) ഉത്തർപ്രദേശിലെ ജനങ്ങൾ രാഷ്ടീയ ഭൂപടത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് മുൻപ് നിലനിന്നിരുന്ന ക്രമസമാധാന തകർച്ചയും ഭരണ അരാജകത്വവുമാണ് സമാജ്‌വാദി പാർട്ടിയുടെ മുഖമുദ്രയെന്നും ജനങ്ങൾ അത് മറന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ യുപി സർക്കാരുകളുടെ കാലത്ത് ഗുണ്ടായിസവും സമുദായിക ലഹളകളുമാണ് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നതെങ്കിൽ ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനം വൻ വികസന കുതിപ്പിലാണ് മുന്നേറുന്നതെന്നും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ജനങ്ങൾ കൃത്യമായ മറുപടി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ ക്രമസമാധാന നില പൂർണ്ണമായി പുനഃസ്ഥാപിക്കാൻ തങ്ങളുടെ സർക്കാരിന് സാധിച്ചുവെന്ന് ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. മുൻകാലങ്ങളിൽ ക്രിമിനലുകൾക്കും മാഫിയകൾക്കും രാഷ്ട്രീയ സംരക്ഷണം നൽകിയിരുന്ന സമാജ്‌വാദി പാർട്ടി ഇപ്പോൾ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. എന്നാൽ സംസ്ഥാനത്തെ ദരിദ്രരും വഞ്ചിക്കപ്പെട്ടവരുമായ സാധാരണക്കാർക്ക് ബിജെപി സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ടെന്നും ഗുണ്ടാരാജ് അവസാനിപ്പിച്ചതാണ് ബിജെപിയുടെ ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശീയമായ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ തന്ത്രങ്ങൾ ഇനി സംസ്ഥാനത്ത് വിലപ്പോവില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്നും സമാജ്‌വാദി പാർട്ടിയുടെ പ്രസക്തി ജനങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.








