ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര സഹകരണം മെച്ചപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. മോസ്കോയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് കൂടുതൽ രാസവളം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയ പുടിൻ, കിർഗിസ്ഥാനിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും സൂചിപ്പിച്ചു. അതേസമയം, ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി നിർണായക ചർച്ചകൾ നടത്തും.
ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യയുടെ ഈ സുപ്രധാന നയതന്ത്ര നീക്കങ്ങൾ. ഇരുപതിലധികം ലോക നേതാക്കൾ അണിനിരക്കുന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം ഷി ജിൻപിംഗ് ആദ്യമായി ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യത കൂടിയാണിത്. പുടിനും ഷി ജിൻപിംഗും ഡൽഹിയിലെത്തിയാൽ മോദിയുമായി ചേർന്നുള്ള ത്രികക്ഷി ചർച്ചകൾക്കും വഴിതുറക്കും. പശ്ചിമേഷ്യൻ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ യുഎഇ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ കൂടി എത്തുന്നതോടെ ദില്ലി ഉച്ചകോടി ആഗോളതലത്തിൽ തന്നെ നിർണായക രാഷ്ട്രീയ കേന്ദ്രമായി മാറും.









