മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന കരൾ രോഗങ്ങൾ ഇന്ന് മദ്യപിക്കാത്ത സാധാരണക്കാരിലും അതിവേഗം പടർന്നുപിടിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്ന ഈ അവസ്ഥ പ്രാരംഭഘട്ടത്തിൽ യാതൊരുവിധ ലക്ഷണങ്ങളും പ്രകടമാക്കാത്തതിനാൽ ഒരു ‘സൈലന്റ് കില്ലർ’ ആയാണ് കണക്കാക്കപ്പെടുന്നത്.
കരളിലെ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ അവസ്ഥ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ കരളിൽ വീക്കം വരുന്ന ‘നാഷ്’ അവസ്ഥയിലേക്കും തുടർന്ന് ലിവർ സിറോസിസ്, ലിവർ ഫെയിലിയർ, ലിവർ ക്യാൻസർ തുടങ്ങിയ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം.
തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും അകാരണമായ കടുത്ത ക്ഷീണം, വയറിന്റെ വലതുഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന ചെറിയ അസ്വസ്ഥതയോ ഭാരമോ, പെട്ടെന്ന് ഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നിവ ഇതിന്റെ മുന്നറിയിപ്പുകളാകാം. സംസ്കരിച്ച ഭക്ഷണങ്ങൾ, കൃത്രിമ മധുരങ്ങൾ അടങ്ങിയ ശീതളപാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡുകൾ എന്നിവയുടെ അമിതോപയോഗവും വ്യായാമമില്ലാത്ത ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഹൈപ്പോതൈറോയിഡിസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മെറ്റബോളിക് പ്രശ്നങ്ങളുള്ളവരിലാണ് ഈ രോഗസാധ്യത കൂടുതൽ കണ്ടുവരുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന ശാസ്ത്രീയമായ മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ പ്രാരംഭ ഘട്ടത്തിൽ തന്നെ പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും. കാർബോഹൈഡ്രേറ്റുകളും റിഫൈൻഡ് പഞ്ചസാരയും കുറച്ച് പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ, പ്രോട്ടീൻ, ആരോഗ്യകരമായ ഫാറ്റുകൾ എന്നിവയടങ്ങിയ സമീകൃതാഹാരം ശീലമാക്കുകയാണ് ആദ്യപടി.
ദിവസവും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെയുള്ള നടത്തമോ വ്യായാമമോ ശീലമാക്കുന്നതും അമിത ശരീരഭാരമുള്ളവർ ക്രമമായി ഭാരം കുറയ്ക്കുന്നതും കരളിലെ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ രക്തപരിശോധനയും ലിവർ ഫംഗ്ഷൻ ടെസ്റ്റും അൾട്രാസൗണ്ട് സ്കാനിംഗും നടത്തി കരളിന്റെ ആരോഗ്യം ഉറപ്പുവരുത്തണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.










