ഉത്തർപ്രദേശിലെ മീററ്റിൽ യൂട്യൂബ് ഗെയിമിംഗ് വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ’24-അവർ സീക്രട്ട് ഹൗസ് ചലഞ്ച്’ ചെയ്യാൻ വീടുവിട്ടിറങ്ങിയ രണ്ട് കുട്ടികളെ പോലീസ് സുരക്ഷിതമായി കണ്ടെത്തി. ഹസ്തിനാപൂർ സ്വദേശികളായ പതിനൊന്നും ഏഴും വയസ്സുള്ള കുട്ടികളാണ് ഞായറാഴ്ച ഉച്ചയോടെ പെട്ടെന്ന് അപ്രത്യക്ഷരായത്. ബന്ധുവീടുകളിലും പരിസരങ്ങളിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചയുടൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.
രഹസ്യമായി താവളങ്ങൾ നിർമ്മിച്ച് 24 മണിക്കൂർ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന ഗെയിമിംഗ് വീഡിയോകൾ കണ്ട ശേഷമാണ് കുട്ടികൾ ഇത്തരമൊരു ചലഞ്ച് പരീക്ഷിക്കാൻ മുതിർന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി. കുട്ടികളിലെ അനിയന്ത്രിതമായ സമൂഹമാധ്യമ സ്വാധീനത്തിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.









