നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ജോൺ മേനോൻ എന്നയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് നിർണായക സൂചനകൾ. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലുള്ള മലയാളികളിൽ നിന്നാണ് ഇയാളുടെ സാമ്പത്തിക ഇടപാടുകളെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. മലേഷ്യയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും ദുരൂഹമായ ബിസിനസ് ഇടപാടുകളാണ് നടത്തിയിരുന്നതെന്നും, മുൻപ് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇയാളുടെ വിദേശ പങ്കാളിക്കെതിരെ നിയമനടപടികൾ ഉണ്ടായിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. നിലവിൽ ബ്രൂണെയിലാണ് ഇയാൾ താമസിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഫോട്ടോകളും പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള കുറുപ്പ് ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘമെങ്കിലും, പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിൽ സ്ഥിരീകരണം തേടാനാണ് നീക്കം. ഇതിനായി ക്രൈംബ്രാഞ്ച് ഐജി വഴി ഇന്റർപോളിന്റെ ഔദ്യോഗിക സഹായം തേടി ഉടൻ കത്തുനൽകും. നിലവിൽ ലഭിച്ച വിവരങ്ങൾ പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ, ഇന്റർപോളിൽ നിന്ന് വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം മാത്രമേ നേരിട്ടുള്ള അന്വേഷണം അടക്കമുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1984 ജനുവരിയിൽ വലിയ തുകയുടെ ഇൻഷുറൻസ് ക്ലെയിം തട്ടിയെടുക്കാനായി തന്നെപ്പോലെ രൂപസാദൃശ്യമുള്ള ചാക്കോ എന്ന യുവാവിനെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതാണ് സുകുമാരക്കുറുപ്പ്. രണ്ട് പതിറ്റാണ്ട് മുൻപ് വടക്കേ ഇന്ത്യയിൽ ഇയാളെ കണ്ടതായി ഒരു മലയാളി നഴ്സ് വിവരം നൽകിയെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെട്ടിരുന്നു. തുടർന്ന് വർഷങ്ങളായി ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പലവിധ അന്വേഷണങ്ങൾ നടത്തിയെങ്കിലും വ്യക്തമായ ഒരു സൂചനയും കണ്ടെത്താനായിരുന്നില്ല. അതിനിടയിലാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ കേരളത്തിൽ വീണ്ടും വലിയ ചർച്ചയാകുന്നത്.









