നേപ്പാൾ-ചൈന അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിനിടയിൽ, വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ മോഷ്ടിച്ച രണ്ട് യുവാക്കളെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. നാരായണി നദിയിലൂടെ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം മരത്തടികളും തലമുടിയും പിടിച്ച് കരയിലേക്ക് വലിച്ചുകയറ്റിയ ശേഷം ഇരുചെവികളിൽ നിന്നുമുള്ള കമ്മലുകൾ ഊരിയെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
ചുറ്റും ആളുകൾ നോക്കിനിൽക്കെ നടത്തിയ ഈ ക്രൂരകൃത്യത്തിന്റെ 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയർന്നത്. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി ഭരത്പൂരിലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്നാണ് മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെ ചിത്വാൻ പോലീസ് കസ്റ്റഡിയിലെടുത്തത്. ദുരന്തമുഖങ്ങളിൽ ഇരകൾക്കെതിരെ നടക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ കൊള്ളകൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയത്തിലും ഉരുൾപൊട്ടലിലും മുന്നൂറിലധികം പേർ മരണപ്പെടുകയും ആയിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്ത കനത്ത ദുരന്തത്തിനിടയിലാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.








