ലോക ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച കവർ ഡ്രൈവുകൾ പായിക്കുന്ന അഞ്ച് മുൻനിര ബാറ്റർമാരുടെ പട്ടിക പുറത്തുവിട്ട് ഇംഗ്ലണ്ട് മുൻ ഇതിഹാസ താരം ഡേവിഡ് ഗോവർ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കവർ ഡ്രൈവുകളുടെ ഉടമയായി പരക്കെ വിലയിരുത്തപ്പെടുന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെയും മറ്റ് ഇന്ത്യൻ താരങ്ങളെയും പൂർണ്ണമായി തഴഞ്ഞുകൊണ്ടാണ് ഗോവർ തന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000-ത്തിലധികം റൺസും 85 സെഞ്ചുറികളുമുള്ള കോഹ്‌ലിയെ ഒഴിവാക്കിയുള്ള ഗോവറിന്റെ ഈ തിരഞ്ഞെടുപ്പ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
തന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഡേവിഡ് ഗോവർ സ്വയം തന്നെയാണ് തിരഞ്ഞെടുത്തത്. ടെസ്റ്റിൽ 18 സെഞ്ചുറികളോടെ 8,000-ലധികം റൺസും ഏകദിനത്തിൽ 3,000-ലധികം റൺസും നേടിയിട്ടുള്ള ഗോവർ ക്ലാസിക് ഇടംകൈയ്യൻ ഷോട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിനെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിച്ച ഗോവർ, മൂന്നാമതായി തിരഞ്ഞെടുത്തത് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയെയാണ്. മനോഹരമായ ഷോട്ടുകൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച സംഗക്കാര അന്താരാഷ്ട്ര തലത്തിൽ 27,500 റൺസും 63 സെഞ്ചുറികളും നേടിയ താരമാണ്.
പട്ടികയിലെ നാലാം സ്ഥാനക്കാരനായി ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ സ്റ്റാർ ബാറ്റർ ജോ റൂട്ടിനെയാണ് ഗോവർ ഉൾപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനകം 14,000-ത്തിലധികം റൺസ് അടിച്ചുകൂട്ടി റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുന്ന താരമാണ് റൂട്ട്. വെസ്റ്റ് ഇൻഡീസിന്റെ മുൻ ഇതിഹാസ ഓപ്പണർ ഗോർഡൻ ഗ്രീനിഡ്ജിനെയാണ് അഞ്ചാം സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുത്തത്. ഓഫ് സൈഡിൽ അതിശക്തമായ ഷോട്ടുകൾ പായിച്ചിരുന്ന ഗ്രീനിഡ്ജ് അന്താരാഷ്ട്ര തലത്തിൽ 30 സെഞ്ചുറികൾ നേടിയിട്ടുണ്ട്.












