ന്യൂഡൽഹി : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പ്രതിരോധ സമുദ്ര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോ ഇന്ത്യൻ സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ എത്തിയ അദ്ദേഹത്തിന് സുരക്ഷാസേന ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവരുമായി അദ്ദേഹം പ്രത്യേകം ചർച്ചകൾ നടത്തി. നാവികസേനാ തലവനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത സൈനിക പരിശീലനങ്ങൾ വ്യാപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ പദ്ധതികൾ പുരോഗമിക്കുന്ന സാഹചര്യം നേതാക്കൾ വിലയിരുത്തി. നാവികസേനകൾ തമ്മിലുള്ള ശേഷി വർദ്ധിപ്പിക്കൽ, വിവരങ്ങൾ കൈമാറൽ, സംയുക്ത നിരീക്ഷണം എന്നിവയും ചർച്ചയായി. സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹം ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു പ്രണാമം അർപ്പിച്ചു.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശ്രീലങ്കൻ നാവികസേനാ മേധാവി കൊച്ചിയിലെ സതേൺ നാവിക കമാൻഡും സന്ദർശിക്കും. കൊച്ചിയിലെ പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിലൂടെ ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. കൂടാതെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ മേഖലയിലെ പ്രമുഖ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അയൽരാജ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇന്ത്യയുടെ നയതന്ത്ര സമീപനത്തിന് ഈ സന്ദർശനം പുതിയ കരുത്തുപകരും.








