ഉത്തർപ്രദേശിലെ ഗോരഖ്പൂരിന്റെ വികസനത്തെ സ്പെയിനുമായി താരതമ്യം ചെയ്ത ബിജെപി എംപിയും നടനുമായ രവി കിഷന്റെ പ്രസംഗം സദസ്സിലും വേദിയിലും വൻ ചിരിപടർത്തി. ബശാരത്പൂരിൽ പുതുതായി നിർമ്മിച്ച കല്യാൺ മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് രവി കിഷൻ രസകരമായ ഈ പരാമർശം നടത്തിയത്.
ഭോജ്പുരി ഭാഷയിൽ സംസാരിച്ച അദ്ദേഹം, ലോകം മുഴുവൻ കണ്ട തനിക്ക് ഗോരഖ്പൂർ ഇപ്പോൾ കാണുമ്പോൾ സ്പെയിൻ പോലെയോ അത്ഭുതകരമായ ഒരു സ്മാർട്ട് സിറ്റി പോലെയോ ആണ് അനുഭവപ്പെടുന്നതെന്നും, വികസനം കാണാൻ കഴിയാത്തവർ അന്ധരാണെങ്കിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും പറഞ്ഞു.
രവി കിഷന്റെ നാടകീയവും തമാശ നിറഞ്ഞതുമായ പ്രസംഗശൈലി കേട്ട് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രി സഞ്ജയ് നിഷാദ്, പരിപാടിയുടെ അവതാരക എന്നിവർ ചിരിയടക്കാൻ പാടുപെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സദസ്സിലുണ്ടായിരുന്നവരും കയ്യടിയോടെയും പൊട്ടിച്ചിരിയോടെയുമാണ് എംപിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. രാഷ്ട്രീയ സമ്മേളനത്തെ പെട്ടെന്ന് തന്നെ ലഘുവായ ചിരിനിമിഷങ്ങളാക്കി മാറ്റിയ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്.










