കോഡിംഗ് പരിജ്ഞാനമില്ലാതിരുന്നിട്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഇന്ത്യയുടെ എണ്ണൂറിലധികം വർഷത്തെ ചരിത്ര ഭൂപടം വിരൽത്തുമ്പിലെത്തിച്ച മുംബൈ സ്വദേശി കൃഷ്ണ ശേഷാദ്രിയുടെ ‘ഭാരത് രാജ്യ’ (www.bharatrajya.com) എന്ന വെബ്സൈറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 137-ാമത് എപ്പിസോഡിലാണ് ചരിത്രത്തെ ലളിതവും ആസ്വാദ്യകരവുമാക്കിയ ഈ ഉദ്യമത്തെ പ്രധാനമന്ത്രി പുകഴ്ത്തിയത്.
വെബ്സൈറ്റിലെ ടൈംലൈൻ സ്ലൈഡർ ചലിപ്പിച്ച് ഉപയോക്താക്കൾക്ക് എഡി 700 മുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ ഓരോ ജില്ലയും ഭരിച്ചത് ആരായിരുന്നുവെന്ന് തത്സമയം മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ആഷാഢ ഏകാദശി ദിനത്തിൽ സോഷ്യൽ മീഡിയ വഴിയാണ് ഈ പദ്ധതി ശ്രദ്ധയിൽപ്പെട്ടതെന്നും ചരിത്ര വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഇത് വലിയൊരു മുതൽക്കൂട്ടാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ശേഷാദ്രിയുമായി റേഡിയോയിലൂടെ സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു.
വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഈ ആശയം സാക്ഷാത്കരിക്കാൻ പ്രോഗ്രാമിംഗ് തടസ്സമായപ്പോൾ, ആന്ത്രോപിക്കിന്റെ ‘ക്ലോഡ്’ (Claude) എന്ന ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കൃഷ്ണ ശേഷാദ്രി വെബ്സൈറ്റ് തയ്യാറാക്കിയത്. ചരിത്രത്തെ കേവലം തീയതികളുടെ പട്ടികയാക്കാതെ കഥകളായി ജനങ്ങളിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോം നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും ചില പ്രത്യേക സാമ്രാജ്യങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകുമ്പോൾ ചോളന്മാർ, പല്ലവർ, കശ്മീരിലെ കർക്കോട്ട വംശം, ആസാമിലെ അഹോം രാജവംശം തുടങ്ങിയ മഹത്തായ ചരിത്രങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ടെന്നും, ഇത് തിരുത്താനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി വെബ്സൈറ്റ് വിശദമായി കണ്ടറിഞ്ഞ് തന്നെ അഭിനന്ദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണ ശേഷാദ്രി കൂട്ടിച്ചേർത്തു.










