ഭാവിയിലെ ഹൈടെക് യുദ്ധമുറകളെ നേരിടാൻ രാജ്യത്തിന്റെ ടെറിട്ടോറിയൽ ആർമിയെ (ടി.എ) അടിമുടി പരിഷ്കരിച്ച് നവീകരിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ‘പൗര സൈനികർ’ എന്ന സങ്കൽപ്പത്തിന്റെ ഉത്തമ ഉദാഹരണമായ ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനങ്ങളും ഘടനയും പുനഃപരിശോധിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗം ചേർന്നു. അതിർത്തി സംരക്ഷണത്തിനപ്പുറം വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ടെറിട്ടോറിയൽ ആർമിയുടെ സംഭാവനകളെ പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മുൻപ് ഇൻഫൻട്രി ബറ്റാലിയനുകളുടെ അനുബന്ധമായി മാത്രം പ്രവർത്തിച്ചിരുന്ന 77 വർഷം പഴക്കമുള്ള ഈ സേനയെ, റെയിൽവേ നിർമ്മാണം, ദുരന്തനിവാരണം, പാരിസ്ഥിതിക ദൗത്യങ്ങൾ എന്നിവയ്‌ക്കൊപ്പം പുതിയ കാലഘട്ടത്തിന്റെ സാങ്കേതിക യുദ്ധങ്ങൾ നയിക്കാൻ പ്രാപ്തമായ ‘ടെറിട്ടോറിയൽ ആർമി 2.0’ എന്ന രൂപത്തിലേക്ക് മാറ്റിയെടുക്കുകയാണ് പ്രധാന ലക്ഷ്യം.
പരമ്പരാഗത സൈനിക മാർഗ്ഗങ്ങളിൽ നിന്ന് മാറി സൈബർ വാർഫെയർ, ക്വാണ്ടം ടെക്നോളജി, 5ജി/6ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയ സാങ്കേതിക മേഖലകളിൽ പ്രാവീണ്യമുള്ള സാധാരണ സിവിലിയൻ പ്രതിഭകളെ നേരിട്ട് സേനയുടെ ഭാഗമാക്കുന്ന പരീക്ഷണങ്ങൾ കരസേന ഇതിനകം വിജയകരമായി നടത്തിയിട്ടുണ്ട്.
ഐടി മേഖലയിലെ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർമാർ, ഡ്രോൺ വിദഗ്ദ്ധർ എന്നിവരെ സാധാരണ സൈനിക പരീശീലന വ്യവസ്ഥകൾ ലഘൂകരിച്ച് നേരിട്ട് ടി.എ ഓഫീസർമാരായി നിയമിക്കുന്ന രീതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയതുപോലെ, ഉയർന്ന യോഗ്യതയുള്ള പ്രതിഭകളെ സേനയിലേക്ക് ആകർഷിക്കുന്നതിനായി പ്രായം, റാങ്ക് എന്നിവയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി റിസർവിസ്റ്റ് ചട്ടങ്ങളിൽ സമഗ്രമായ മാറ്റം വരുത്താൻ സൈന്യം ആലോചിക്കുന്നുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രായേൽ പ്രതിരോധത്തിലും സിവിലിയൻ സാങ്കേതിക വിദഗ്ദ്ധരെ യുദ്ധമുഖത്ത് വിന്യസിച്ചത് വലിയ വിജയമായത് ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ചൈനയും പാകിസ്ഥാനും അതിർത്തികളിൽ സൈബർ, ഡ്രോൺ സാങ്കേതികവിദ്യകൾ വലിയ തോതിൽ ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധരുടെ സേവനം വാരാന്ത്യങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ഉപയോഗപ്പെടുത്താൻ ടെറിട്ടോറിയൽ ആർമി വഴി സാധിക്കും.
മുഴുവൻ സമയ ശമ്പളച്ചെലവുകൾ വരുത്തിവെക്കാതെ തന്നെ ഏറ്റവും മികച്ച പ്രതിഭകളെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ കഴിയുന്ന ഈ സംവിധാനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.








