ദുബായ് : ദുബായും ഇന്ത്യയും തമ്മിലുള്ള എണ്ണയിതര ഉഭയകക്ഷി വ്യാപാരം 2025-ൽ 22,250 കോടി ദിർഹം (ഏകദേശം 6,060 കോടി ഡോളർ) എന്ന സർവകാല റെക്കോർഡിലെത്തി. അറേബ്യൻ ബിസിനസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ദുബായ്-ഇന്ത്യ എണ്ണയിതര വ്യാപാരം 2016-ലെ 9,420 കോടി ദിർഹത്തിൽ (2,560 കോടി ഡോളർ) നിന്ന് 2025-ൽ 22,250 കോടി ദിർഹമായി കുതിച്ചുയർന്നു. പത്ത് വർഷത്തിനിടെ 136.2 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ഇന്ത്യ കൂടുതൽ സുരക്ഷിതമാക്കി. 2022 മുതൽ 2025 വരെയുള്ള ചുരുങ്ങിയ കാലയളവിൽ മാത്രം വ്യാപാരത്തിൽ 35 ശതമാനം വർധനവുണ്ടായി എന്നത് ഏറെ ശ്രദ്ധേയമാണ്. 2022 മേയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ – CEPA) വഴി രാഷ്ട്രീയ തലത്തിലെ ധാരണകൾ കൃത്യമായ വാണിജ്യ അവസരങ്ങളായി മാറിയതാണ് ഈ വേഗത്തിലുള്ള വളർച്ചയ്ക്ക് വഴിതെളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെ വ്യക്തമായ പ്രതിഫലനമാണിത്. പരമ്പരാഗത എണ്ണ ഇറക്കുമതിയിലും പ്രവാസി തൊഴിലാളികളിലും മാത്രം കേന്ദ്രീകരിച്ചിരുന്ന ഗൾഫ് ബന്ധം, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, നയതന്ത്രം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള ബൃഹത്തായ തന്ത്രപ്രധാന പങ്കാളിത്തമായി രൂപാന്തരപ്പെട്ടു. ദുബായിൽ ഇന്ത്യൻ വാണിജ്യ സംരംഭങ്ങൾ കൈവരിച്ച അസാധാരണമായ മുന്നേറ്റമാണ് ഈ പരിവർത്തനത്തിന് പിന്നിൽ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും തമ്മിലുള്ള അടുത്ത ബന്ധം ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. ദുബായുടെ ഭരണാധികാരി എന്നതിനൊപ്പം യുഎഇയുടെ പ്രധാനമന്ത്രി കൂടിയായ ശൈഖ് മുഹമ്മദുമായുള്ള മോദിയുടെ ആശയവിനിമയം, ഇന്ത്യയുടെയും ദുബായുടേയും പ്രബലമായ വാണിജ്യ ലോകങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി. ഫെഡറൽ തലത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും, അന്താരാഷ്ട്ര സാമ്പത്തിക-ലോജിസ്റ്റിക്സ് തലസ്ഥാനമായ ദുബായിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദുമായും ഒരേപോലെ ശക്തമായ നയതന്ത്രബന്ധവും സൗഹൃദബന്ധവും സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു.
34 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2015-ൽ നരേന്ദ്ര മോദി നടത്തിയ ചരിത്രപ്രസിദ്ധമായ യുഎഇ സന്ദർശനമാണ് ഈ പുതിയ അധ്യായത്തിന് അടിത്തറയിട്ടത്. ഒരു ഉപഭോക്തൃ-വിൽപ്പന വിപണി എന്നതിനപ്പുറം ഇരുരാജ്യങ്ങളും തമ്മിൽ വിപുലമായ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകൾ ആ സന്ദർശനം തുറന്നുനൽകി. ഇന്ത്യ, ഗൾഫ്, ആഫ്രിക്കൻ വിപണികൾ തമ്മിലുള്ള കവാടമായി ദുബായ് നിലകൊള്ളുമ്പോൾ, ആഗോളതലത്തിലേക്ക് പ്രവർത്തനം വിപുലീകരിക്കാനും ധനസമാഹരണം നടത്താനും ഇന്ത്യൻ സംരംഭങ്ങൾക്ക് ദുബായ് വഴിയൊരുക്കി. 2026 ജൂൺ അവസാനത്തോടെ ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ സജീവ അംഗങ്ങളായ ഇന്ത്യൻ കമ്പനികളുടെ എണ്ണം 85,841 ആയി ഉയർന്നതും, 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 7,579 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതും ഈ മുന്നേറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഇരുവിപണികളും തമ്മിലുള്ള നിക്ഷേപ പ്രവാഹത്തിലും ഇത് പ്രകടമാണ്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 3,230 കോടി ദിർഹത്തിന്റെ (880 കോടി ഡോളർ) ഇന്ത്യൻ നിക്ഷേപം ദുബായിലേക്ക് എത്തിയപ്പോൾ, ഇതേ കാലയളവിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനികൾ ഇന്ത്യയിലെ 147 പദ്ധതികളിലായി 3,410 കോടി ദിർഹത്തിന്റെ (930 കോടി ഡോളർ) നിക്ഷേപം നടത്തി 55,274 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. വ്യാപാരം, സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖല എന്നിവയിലുടനീളം ഈ നിക്ഷേപം വ്യാപിച്ചുകിടക്കുന്നു.
പരമ്പരാഗത വ്യാപാരത്തിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Agentic AI), ഡീപ് ടെക്നോളജി, ഫിൻടെക്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ ഭാവി സാങ്കേതിക വിദ്യകളിലേക്കാണ് സഹകരണം ഇപ്പോൾ വളരുന്നത്. ഇന്ത്യയിലെ വിപുലമായ ഐടി പ്രാഗത്ഭ്യവും ദുബായുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഡിജിറ്റൽ പരിവർത്തനത്തിൽ ഇരുരാജ്യങ്ങളും കൈകോർക്കുന്നു. ദശലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ സാന്നിധ്യവും അവരുടെ ക്ഷേമത്തിന് ലഭിക്കുന്ന മുൻഗണനയും ഈ ബന്ധത്തിന് സുരക്ഷിതമായ മാനുഷിക അടിത്തറയേകുന്നു.
നരേന്ദ്ര മോദിയുടെയും ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെയും ദീർഘവീക്ഷണമുള്ള ഭരണനേതൃത്വമാണ് ഇരുരാജ്യങ്ങളുടെയും വികസന സ്വപ്നങ്ങളെ ഒന്നിപ്പിച്ചത്. കേവലം ഭരണകൂടങ്ങൾ തമ്മിലുള്ള കരാറുകൾക്കപ്പുറം സ്വകാര്യ സംരംഭകരുടെ കൂടി പങ്കാളിത്തത്തോടെ ഇരു സമ്പദ്‌വ്യവസ്ഥകളും ഇഴചേർന്നുനിൽക്കുന്ന വിശ്വസ്ത പങ്കാളിത്തമായി ഇന്ത്യ-യുഎഇ ബന്ധം മാറിയിരിക്കുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ബന്ധത്തിൽ നിന്ന് മൂലധനവും വാണിജ്യവും സാങ്കേതികവിദ്യയും കൈകോർക്കുന്ന തന്ത്രപ്രധാന സാമ്പത്തിക ഇടനാഴിയായി മാറിയതാണ് നരേന്ദ്ര മോദി യുഗത്തിലെ ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ ഏറ്റവും വലിയ നേട്ടം.









