തിരുവനന്തപുരം നഗരത്തിനായി വിഭാവനം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോ സംവിധാനമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) തയ്യാറാക്കിയ പദ്ധതിയുടെ പുതുക്കിയ സമഗ്ര രൂപരേഖ കെ.എം.ആർ.എൽ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
നേരത്തെ ഡി.എം.ആർ.സി. തയ്യാറാക്കിയ രൂപരേഖയിൽ നിർദേശിക്കപ്പെട്ട മാറ്റങ്ങൾ ഉൾപ്പെടുത്തി ഒട്ടേറെ നൂതന ആശയങ്ങളോടെയാണ് പുതിയ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിശദമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പദ്ധതി അന്തിമാനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൂരത്തിലാണ് തിരുവനന്തപുരത്ത് മെട്രോ പാത ആസൂത്രണം ചെയ്തിരിക്കുന്നത്. പാപ്പനംകോട് നിന്ന് ആരംഭിക്കുന്ന മെട്രോ കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
റോഡിന് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയായി നിർമ്മിക്കുന്ന മെട്രോ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളായ ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കും. മുൻപ് ഏകദേശം 8000 കോടി രൂപ നിർമ്മാണച്ചെലവ് കണക്കാക്കിയിരുന്നെങ്കിലും പുതുക്കിയ എസ്റ്റിമേറ്റിൽ തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. മെട്രോയ്ക്ക് ഒപ്പം നടപ്പാക്കാവുന്ന നഗരവികസന പദ്ധതികളും പുതിയ രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.








