കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം രംഗത്ത്. സ്ത്രീകളെ വീടുകളിൽ തളച്ചിടാനാണ് കാന്തപുരം ശ്രമിക്കുന്നതെന്നും ഇത് അങ്ങേയറ്റം പിന്തിരിപ്പൻ നിലപാടാണെന്നും കെഎൻഎം മർക്കസ് ദഅവ സെക്രട്ടറി അബ്ദുൾ ലത്തീഫ് കരുമ്പിലാക്കൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്ത്രീകളെ വീടുകളിലോ അടുക്കളയിലോ തളച്ചിടാൻ ഇസ്‌ലാം ഒരിടത്തും പറയുന്നില്ല. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങി അവരുടെ കാര്യങ്ങൾ സ്വയം നിർവഹിക്കുന്നതിനോ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനോ മതം ഒരിക്കലും എതിരല്ലെന്നും എന്നാൽ പൗരോഹിത്യമാണ് പലപ്പോഴും ഇതിന് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാചകന്റെ കാലഘട്ടത്തിലെ ചരിത്രവസ്തുതകൾ നിരത്തിയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെ മർക്കസ് ദഅവ പ്രതിരോധിക്കുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജാ ബീവി അക്കാലത്ത് മക്കയിലെ ഏറ്റവും പ്രമുഖയായ വ്യാപാരിയായിരുന്നുവെന്നും അവർക്ക് യാതൊരുവിധ വിലക്കുകളും ഉണ്ടായിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പ്രവാചകന്റെ കാലത്ത് രാജ്യസംരക്ഷണത്തിന്റെ ഭാഗമായി നടന്ന പടയൊരുക്കങ്ങളിലും യുദ്ധങ്ങളിൽ പോലും സ്ത്രീകൾ പങ്കാളികളായി തങ്ങളാൽ കഴിയുന്ന ധർമ്മങ്ങൾ നിർവഹിച്ചിട്ടുണ്ട്. അക്കാലത്ത് സാധ്യമാകുന്ന എല്ലാ സാമൂഹിക-സേവന പ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് പൂർണ്ണമായ അനുമതി ലഭിച്ചിരുന്നുവെന്നും അബ്ദുൾ ലത്തീഫ് കൂട്ടിച്ചേർത്തു. അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് സ്ത്രീകളുടെ പുരോഗതി തടയുന്ന പൗരോഹിത്യ ചിന്താഗതികൾ ഇസ്‌ലാമിക തത്ത്വങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.












