പശ്ചിമേഷ്യയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളെ നേരിടാൻ ലക്ഷ്യമിട്ട് ഇറാൻ വികസിപ്പിക്കുന്ന ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകൾക്ക് റഷ്യ രഹസ്യമായി സൈനിക-സാങ്കേതിക സഹായം നൽകുന്നതായി റിപ്പോർട്ട്. ‘പ്രോജക്റ്റ് C340L’ എന്ന രഹസ്യ കോഡ് നാമത്തിൽ 2023-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ശബ്ദത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ മിസൈലുകളെ സഹായിക്കുന്ന അത്യാധുനിക ‘റാംജെറ്റ് പ്രൊപ്പൽഷൻ’ സാങ്കേതികവിദ്യയാണ് റഷ്യ ടെഹ്‌റാന് കൈമാറുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും ക്രെംലിനിലെ ഉന്നത നേതൃത്വത്തിന്റെയും നേരിട്ടുള്ള അനുമതിയോടെയാണ് ഈ തന്ത്രപ്രധാന സഹകരണം മുന്നോട്ട് പോകുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മണിക്കൂറിൽ ഏകദേശം 3,500 കിലോമീറ്ററിലധികം വേഗതയിൽ റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്നു പറക്കാൻ ശേഷിയുള്ള ഇത്തരം സൂപ്പർസോണിക് മിസൈലുകളെ തടയുക അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് അതീവ ദുഷ്കരമായിരിക്കും.
റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതി ഏജൻസിയായ റോസോബോറോൺ എക്‌സ്‌പോർട്ടും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള എൻ.പി.ഒ മഷിനോസ്ട്രോയേനിയ എന്ന മിസൈൽ നിർമ്മാണ കമ്പനിയുമാണ് ഇറാന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്. റഷ്യൻ എൻജിനീയർമാർ ഇറാനിൽ നേരിട്ടെത്തി പരീക്ഷണ ഡാറ്റകൾ പരിശോധിക്കുകയും സാങ്കേതിക പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. യുക്രൈൻ നഗരങ്ങളെ ആക്രമിക്കാൻ റഷ്യയ്ക്ക് വലിയ തോതിൽ ഷാഹിദ് കാമികാസി ഡ്രോണുകൾ നൽകുന്നതിന് പകരമായിട്ടാണ് മോസ്കോ ഈ നിർണ്ണായക മിസൈൽ വിദ്യ ഇറാന് പങ്കുവെക്കുന്നത്.
യുക്രൈൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും അമേരിക്കയെ പശ്ചിമേഷ്യൻ സംഘർഷത്തിലേക്ക് കൂടുതൽ ആഴ്ത്താനും ലക്ഷ്യമിട്ടാണ് റഷ്യയുടെ ഈ നീക്കമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ഹോർമുസ് കടലിടുക്കിലടക്കം അമേരിക്കയും ഇറാനും തമ്മിലുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പുതിയ സൂപ്പർസോണിക് സാങ്കേതികവിദ്യ പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാന അന്തരീക്ഷത്തെ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നയിച്ചേക്കും.








