പാകിസ്താനിയായ ഭാര്യ മുഷാൽ ഹുസൈൻ മാലിക്കുമായി വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതായി ജമ്മുകാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക്. ഡൽഹിയിലെ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന മാലിക്ക്, ജമ്മുവിലെ ടാഡ/പോട്ട (TADA/POTA) കോടതിയിൽ സമർപ്പിച്ച 25 പേജുള്ള സത്യവാങ്മൂലത്തിലാണ് നിർണ്ണായകമായ ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. തനിക്കൊപ്പം ഇനിയൊരു ജീവിതം സാധ്യമല്ലാത്തതിനാൽ ഭാര്യയെ ഈ ബന്ധത്തിൽ നിന്ന് മുക്തയാക്കുകയാണെന്ന് മാലിക്ക് വ്യക്തമാക്കി.
തനിക്ക് ഏൽപ്പിച്ചിരിക്കുന്ന കഠിനമായ ശിക്ഷയും ഭാവിയിലെ അനിശ്ചിതത്വങ്ങളും കാരണം മുഷാൽ ഒരു വിധവയെപ്പോലെ ജീവിതം തള്ളിനീക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് 25 പേജുള്ള സത്യവാങ്മൂലത്തിൽ മാലിക്ക് കുറിച്ചു. പ്രതീക്ഷയും ആത്മാഭിമാനവുമുള്ള ഒരു പുതിയ ജീവിതം ആരംഭിക്കാൻ ഭാര്യയ്ക്ക് അവസരമുണ്ടാകണം. തടവിലായ ശേഷം കഴിഞ്ഞ എട്ട് വർഷമായി ഭാര്യയുടെ ശബ്ദം പോലും കേൾക്കാൻ സാധിച്ചിട്ടില്ലെന്നും ഫോൺ വിളിക്കാനോ വീഡിയോ കോൾ ചെയ്യാനോ അനുവാദമില്ലെന്നും മാലിക്ക് പറയുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും 13 വയസ്സുള്ള മകൾ റസിയ സുൽത്താനയ്ക്കുമായാണ് കത്തെഴുതിയിരിക്കുന്നത്. സഹതാപത്തിനായല്ല, മറിച്ച് മനസ്സാക്ഷിയുടെ അവസാന വാക്കായാണ് ഈ അഫിഡവിറ്റ് സമർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിതാവിന്റെ ഈ തീരുമാനത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി മകൾ റസിയ സുൽത്താന രംഗത്തെത്തി. പിതാവ് മാതാവുമായുള്ള ബന്ധം വേർപെടുത്തിയാൽ താൻ ജീവനൊടുക്കുമെന്ന് വികാരാധീനയായി റസിയ പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2019-ൽ ഭീകരവാദത്തിന് പണം സമാഹരിച്ച കേസിൽ അറസ്റ്റിലായ യാസിൻ മാലിക്കിന് 2022 മേയിലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നിലവിൽ തിഹാർ ജയിലിൽ കഠിനതടവിൽ കഴിയുകയാണ് മാലിക്ക്.










