ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെയുണ്ടായ ആകാശപോരാട്ടത്തിൽ ശത്രുവിന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ചിട്ട് ചരിത്രം സൃഷ്ടിച്ച വീരചക്ര ജേതാവ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാൻ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് സ്വയം വിരമിച്ചു. വ്യോമസേനയിൽ 22 വർഷത്തെ സമാനതകളില്ലാത്ത ധീരമായ സേവനത്തിന് ശേഷമാണ് അദ്ദേഹം കൊമേഴ്‌സ്യൽ പൈലറ്റായി സിവിൽ ഏവിയേഷൻ രംഗത്തേക്ക് ചുവടുവെക്കുന്നത്.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രാദേശിക എയർലൈനായ ഫ്ലൈ 91-ൽ (FLY91) അദ്ദേഹം കൊമേഴ്‌സ്യൽ പൈലറ്റായി ചുമതലയേറ്റതായാണ് വിവരം. ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് എയർലൈൻ വ്യക്തമാക്കിയെങ്കിലും, ഓഗസ്റ്റിൽ തന്നെ അഭിനന്ദൻ സ്വകാര്യ എയർലൈനിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ എ.ടി.ആർ 72-600 വിമാനങ്ങൾ സർവീസ് നടത്തുന്ന കമ്പനിക്ക് ഗോവയിലും ഹൈദരാബാദിലുമാണ് പ്രധാന താവളങ്ങളുള്ളത്.
2019 ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ പ്രത്യാക്രമണത്തിന് തൊട്ടുപിന്നാലെയാണ് വ്യോമാതിർത്തി ലംഘിച്ചെത്തിയ പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ തുരത്താൻ വിംഗ് കമാൻഡറായിരുന്ന അഭിനന്ദൻ വർത്തമാന്റെ നേതൃത്വത്തിൽ മിഗ്-21 ബൈസൺ പറന്നുയർന്നത്. പോരാട്ടത്തിനിടെ പാകിസ്ഥാന്റെ അത്യാധുനിക എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തിയെങ്കിലും, സ്വന്തം വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പാരച്യൂട്ട് വഴി ഇജക്ട് ചെയ്ത അഭിനന്ദൻ പാക് അധീന കശ്മീരിൽ ചെന്നുവീഴുകയായിരുന്നു. മൂന്ന് ദിവസം പാകിസ്ഥാന്റെ കസ്റ്റഡിയിൽ കഴിഞ്ഞ അദ്ദേഹം അവിടെയും അസാമാന്യ ധീരതയും രാജ്യസ്നേഹവും പ്രകടിപ്പിച്ചു.
തുടർന്ന് അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാർച്ച് ഒന്നിനാണ് പാകിസ്ഥാൻ അദ്ദേഹത്തെ മോചിപ്പിച്ചത്. പോരാട്ടവീര്യത്തിന് രാജ്യം അദ്ദേഹത്തിന് മൂന്നാമത്തെ പരമോന്നത സൈനിക ബഹുമതിയായ വീർചക്ര നൽകി ആദരിച്ചിരുന്നു. വ്യോമസേനയിലെ ഐതിഹാസിക സേവനത്തിന് ശേഷമാണ് ഇന്ത്യയുടെ ധീരനായ പോരാളി യാത്രാവിമാനങ്ങൾ പറത്താനുള്ള പുതിയ ദൗത്യത്തിലേക്ക് കടക്കുന്നത്.









