നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദവി ഒഴിച്ചിടാൻ സാധ്യതയുണ്ടെന്ന വാർത്തകളെക്കുറിച്ച് തനിക്ക് കൃത്യമായ അറിവില്ലെന്നും, എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഗുണപരമായ ഉള്ളടക്കം ശക്തമാക്കാനാണ് സിപിഐ ഉറച്ച നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദവി ഒഴിച്ചിട്ടാൽ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇപ്പോൾ മുൻകൂട്ടി പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐയും സിപിഎമ്മും തമ്മിലുള്ള ചർച്ചകൾ സംസ്ഥാന സെക്രട്ടറിമാർ തമ്മിലോ ദേശീയ സെക്രട്ടറിമാർ ഉൾപ്പെടുന്ന തലത്തിലോ നടക്കാം. ആവശ്യമായി വന്നാൽ പ്രതിപക്ഷ നേതാവുമായും ചർച്ചയാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി വിട്ട് യുഡിഎഫിലേക്ക് വരണമെന്ന മുൻ എംഎൽഎ കെ.എൻ.എ. ഖാദറിന്റെ ക്ഷണം തള്ളിക്കളഞ്ഞ ബിനോയ് വിശ്വം, ഇത്തരം പ്രസ്താവനകൾ കേൾവിക്കപ്പുറമുള്ള പ്രാധാന്യമൊന്നും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
എൽഡിഎഫ് എന്നാൽ സിപിഐയുടെ സ്വന്തം കുഞ്ഞാണ്, അതിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന പാർട്ടിയാണ് സിപിഐ. മുന്നണിയെ തളർത്തുന്ന ഒരു നിലപാടും പാർട്ടി എടുക്കില്ല. എന്നാൽ സിപിഐ വലിയ തോതിൽ ത്യാഗം സഹിക്കുന്നത് കൊണ്ടാണ് എൽഡിഎഫ് ഇപ്പോഴും ഈ രീതിയിൽ മുന്നോട്ട് പോകുന്നത്” എന്ന് ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം.












