തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവുമുള്ള കെ.കെ. രാഗേഷിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചും വരുമാന സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിപരമായി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാൻ ഇടവരുത്തരുതെന്നും രാഗേഷിന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് കെ.കെ. രാഗേഷ് വയറിംഗ് തൊഴിലാളിയായിരുന്നുവെന്ന് ടി.കെ. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. അത്തരമൊരു പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന രാഗേഷിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും വരുമാനവും തമ്മിൽ വലിയ അന്തരം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയവെയാണ് രാഗേഷിന്റെ മുൻകാല സാമ്പത്തിക പശ്ചാത്തലം ഉന്നയിച്ച് ഗോവിന്ദൻ തുറന്നടിച്ചത്.











