കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന കാന്തപുരത്തിന്റെ നിലപാടിനെ പൂർണ്ണമായും തള്ളിക്കൊണ്ട് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചതിന് പിന്നാലെ, ‘ആ പ്രസ്താവനയോട് യോജിപ്പില്ല’ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു
എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.പി. സുന്നി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വിഡിയോ നീക്കം ചെയ്തത്. സമസ്ത സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് ചർച്ച നടത്തിയത്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം വലിയ വിവാദമായ പശ്ചാത്തലത്തിൽ, പ്രസ്താവന തിരുത്തണമെന്ന് കേരള മുസ്‍ലിം ജമാഅത്തും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിമിഷങ്ങൾക്കകം വിഡിയോ പിൻവലിച്ച മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കാന്തപുരം വിഭാഗത്തിന്റെ ശക്തമായ എതിർപ്പും രാഷ്ട്രീയ സമ്മർദ്ദവുമാണ് വിഡിയോ പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം ഫേസ്ബുക്ക് പോസ്റ്റ് കാണാതായത് സാങ്കേതിക തടസം കാരണം ആണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.








