പടിഞ്ഞാറൻ അതിർത്തി മേഖലയിൽ സൈനിക ശക്തി വിളിച്ചോതുന്ന വമ്പൻ അഭ്യാസപ്രകടനങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ വ്യോമസേന വ്യോമാതിർത്തി റിസർവ് ചെയ്ത് നോട്ടാം (NOTAM) പുറപ്പെടുവിച്ചതോടെ പാകിസ്താൻ സുരക്ഷാ കേന്ദ്രങ്ങളിൽ കടുത്ത ഭീതിയും ആശങ്കയും. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 7 വരെ നീളുന്ന 17 ദിവസത്തെ വിപുലമായ സൈനികാഭ്യാസത്തിനാണ് ഇന്ത്യ ഔദ്യോഗികമായി ആകാശപാത ക്രമീകരിച്ചിരിക്കുന്നത്. അതിർത്തിക്ക് സമീപം ഇന്ത്യ നടത്താനൊരുങ്ങുന്ന ഈ വമ്പൻ നീക്കം ഇസ്ലാമാബാദിലെ ഭരണ-സൈനിക ഉന്നതരെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ അറിയിപ്പ് വന്നയുടൻ പരിഭ്രാന്തിയിലായ പാക് പ്രതിരോധ മന്ത്രാലയം അടിയന്തര അവലോകന യോഗം വിളിച്ച് ചേർത്തു. ഇന്ത്യയുടെ സൈനികാഭ്യാസത്തിന്റെ വിശദാംശങ്ങൾ പാകിസ്താൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഓഫീസിന് നേരിട്ട് സമർപ്പിച്ചതായാണ് വിവരം. ഇന്ത്യയുടെ സന്നാഹങ്ങൾ അതിർത്തിയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ സ്വാധീനിക്കുമെന്ന ഭയത്താൽ പാക് സൈന്യത്തിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതിർത്തിയിലുടനീളം പാകിസ്താൻ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയെങ്കിലും, ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ നീക്കങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിലായ അവസ്ഥയിലാണ് ഇസ്ലാമാബാദ്. ഇന്ത്യയുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയാണെന്നും പൂർണ്ണ സജ്ജരാണെന്നും പാക് സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യൻ അതിർത്തിയിലെ ശക്തമായ വ്യോമ സാന്നിധ്യവും നീക്കങ്ങളും പാകിസ്താൻ പ്രതിരോധ മേഖലയിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.










