ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ കൈവരിച്ച 7.8 ശതമാനം സാമ്പത്തിക വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷകളും അവസരങ്ങളുമാണ് തുറന്നുനൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി നടത്തിയ വിപുലമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരം, പ്രതിരോധം, നിർണായക ധാതുക്കൾ, ഹരിതോർജ്ജം, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ വലിയൊരു നാഴികക്കല്ലാണെന്നും, ഇന്ത്യയുമായുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ബെൽജിയം പ്രധാനമന്ത്രി വ്യക്തമാക്കി.
ഭക്ഷണം, ഇന്ധനം, വിതരണ ശൃംഖലകൾ എന്നിവയെല്ലാം സംഘർഷങ്ങളാൽ വെല്ലുവിളി നേരിടുന്ന ഇക്കാലത്തും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ-സുരക്ഷാ രംഗങ്ങളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന തൂണുകളിലൊന്നാണ്. ഇതിന്റെ ഭാഗമായി സംയുക്ത സൈനിക പരിശീലനങ്ങളും ആയുധ നിർമ്മാണ-വികസന പങ്കാളിത്തവും വിപുലീകരിക്കും.
ഭീകരവാദത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിന് രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ വേഗത്തിൽ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
പുനരുപയോഗ ഊർജ്ജ രംഗത്തെ പുതിയ ധാരണാപത്രം സുസ്ഥിര വികസനത്തിന് കൂടുതൽ കരുത്തുപകരും. നിർണായക ധാതുക്കളുടെ പുനരുപയോഗത്തിലും പ്രോസസ്സിംഗിലും സെമികണ്ടക്ടർ നിർമ്മാണത്തിലും ബെൽജിയത്തിന്റെ വൈദഗ്ധ്യവും ഇന്ത്യയുടെ വലിയ വിപണി സാധ്യതകളും ഒത്തുചേർത്ത് മുന്നോട്ടുപോകും. ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള സഹകരണം, സമുദ്ര മേഖലയിലെ ശേഷി വർദ്ധിപ്പിക്കൽ, സർവകലാശാലാ ഗവേഷണങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിഭകളുടെ സ്വതന്ത്ര സഞ്ചാരത്തിനായി ‘മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ്’ കരാറിൽ വൈകാതെ ഒപ്പുവെക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യൂറോപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളികളിലൊന്നായ ബെൽജിയവുമായി 2025-26 കാലഘട്ടത്തിൽ ഉഭയകക്ഷി വ്യാപാരം 1300 കോടി ഡോളറിലധികം കൈവരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ ബെൽജിയൻ കമ്പനിയായ ജോൺ കോക്കറിൽ 2 ജിഗാവാട്ട് ശേഷിയുള്ള ഇലക്‌ട്രോലൈസർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതുൾപ്പെടെ വൻകിട നിക്ഷേപ പദ്ധതികളാണ് ഇരുരാജ്യങ്ങളും തമ്മിൽ പുരോഗമിക്കുന്നത്.











