അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികം, പ്രതിരോധം, ഹരിതോർജ്ജം, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ബെൽജിയം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
ഈ വർഷം ആദ്യം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് വലിയ വഴിത്തിരിവാണ് നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ വ്യാപാര അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ബെൽജിയൻ കമ്പനികൾക്കായി ഇന്ത്യയിൽ പ്രത്യേക ‘ഇൻവെസ്റ്റ്‌മെന്റ് ഫാസ്റ്റ് ട്രാക്ക് മെക്കാനിസം’ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ഇന്ത്യ-ബെൽജിയം ബിസിനസ് ഫോറം സ്ഥിരം സംവിധാനമാക്കാനും ധനകാര്യ, ഫിൻടെക് സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. പ്രതിരോധ രംഗത്തെ സംയുക്ത വികസനവും ഉത്പാദനവും ലക്ഷ്യമിട്ട് സൈനിക വിനിമയങ്ങളും സംയുക്ത പരിശീലനങ്ങളും വ്യാപിപ്പിക്കും. ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.
ഹരിതോർജ്ജം, നിർണായക ധാതുക്കളുടെ പുനരുപയോഗം എന്നിവയിൽ സഹകരണം ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സെമികണ്ടക്ടർ മേഖലയിലെ ബെൽജിയത്തിന്റെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ വലിയ വിപണി സാധ്യതകളും ഒത്തുചേർക്കാൻ ബെൽജിയത്തിലെ ഐമെക് (IMEC) ഇൻസ്റ്റിറ്റ്യൂട്ടുമായി ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയെ ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിഭകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ വൈകാതെ തന്നെ ‘മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ്’ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ബെൽജിയം പ്രതിരോധ-വിദേശ വ്യാപാര മന്ത്രി തിയോ ഫ്രാങ്കെൻ ഉൾപ്പെടെയുള്ള വൻ വ്യവസായ-ഉദ്യോഗസ്ഥ പ്രതിനിധി സംഘവും ബെൽജിയം പ്രധാനമന്ത്രിക്കൊപ്പമുണ്ട്.











