പഞ്ചാബിൽ തയ്യാറാക്കിയ പുതിയ കരട് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതിന് പിന്നിൽ ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണവുമായി ബിജെപി രാജ്യസഭാ എംപി രാഘവ് ഛദ്ദ. പഞ്ചാബിൽ നിന്നുള്ള ജനപ്രതിനിധിയും മൊഹാലിയിൽ വോട്ടർ ഐഡി രജിസ്റ്റർ ചെയ്ത വ്യക്തിയുമായിട്ടും തന്നെ ‘സ്ഥലമാറ്റം ലഭിച്ചയാൾ’ (പെർമനന്റ്‌ലി ഷിഫ്റ്റഡ്) എന്ന് തെറ്റായി ചിത്രീകരിച്ചാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് നടപ്പിലാക്കിയതെന്നും ജനപ്രതിനിധികൾക്കുള്ള പ്രത്യേക ഇളവുകൾ ലംഘിച്ചാണ് ഈ നടപടിയെന്നും ഛദ്ദ കുറ്റപ്പെടുത്തി.
എന്നാൽ രാഘവ് ഛദ്ദയുടെ ആരോപണങ്ങളെ ശക്തമായി എതിർത്തുകൊണ്ട് ആം ആദ്മി പാർട്ടി രംഗത്തെത്തി. ഛദ്ദ ഇപ്പോൾ പഞ്ചാബിലല്ല, ഡൽഹിയിലാണ് താമസിക്കുന്നതെന്നത് പരസ്യമായ വസ്തുതയാണെന്നും വോട്ടർ പട്ടികയിലെ വിവരങ്ങൾ പുതുക്കി നിലനിർത്തേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്തമാണെന്നും എഎപി സൂചിപ്പിച്ചു. കൂടാതെ ഡൽഹിയിൽ വോട്ട് ചേർക്കാൻ ശ്രമിച്ചതിന് ശേഷമാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.
നിലവിൽ പുറത്തുവന്നത് കരട് പട്ടിക മാത്രമാണെന്നും തിരുത്തലുകൾ വരുത്താനുള്ള അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും ഒക്ടോബറിൽ അന്തിമ വോട്ടർ പട്ടിക പുറത്തുവരുമ്പോൾ വിഷയം പരിഹരിക്കപ്പെടുമെന്നും ഛദ്ദ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പഞ്ചാബിൽ നടന്ന വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ ആകെ 20.66 ലക്ഷത്തിലധികം ആളുകളുടെ പേരുകളാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. മുൻപ് എഎപിയുടെ പ്രമുഖ നേതാവായിരുന്ന രാഘവ് ഛദ്ദ ഈയിടെയാണ് ബിജെപിയിൽ ചേർന്നത്. ഇതിനെ തുടർന്ന് പഞ്ചാബ് രാഷ്ട്രീയത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള പോര് കൂടുതൽ കടുക്കുന്നതിന്റെ സൂചനയാണ് പുതിയ വിവാദം നൽകുന്നത്.











