വിരാട് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം തനിക്കും യുവരാജ് സിംഗിനും ടീമിൽ നേരിടേണ്ടി വന്ന അവഗണനകളെയും അപ്രതീക്ഷിത പുറത്താക്കലിനെയും കുറിച്ച് മനസ്സ് തുറന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് 33-ാം വയസ്സിൽ അകാലത്തിൽ വിരമിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
തുടക്കത്തിൽ താനും യുവരാജും യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ പിന്നീട് അത് പാസ്സായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും തങ്ങളെ ടീമിലേക്ക് തിരിച്ചുവിളിച്ചില്ലെന്ന് റെയ്‌ന പറഞ്ഞു. ഓരോ ക്യാപ്റ്റനും അവരവരുടെ ടീമിനെയാണ് ആവശ്യമെന്നും കോഹ്‌ലി നായകനായതോടെ ടീമിലെ മുൻഗണനകളിൽ വലിയ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനിൽ കുംബ്ലെ പരിശീലകനായിരുന്ന കാലത്ത് സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ആശയവിനിമയം നടന്നിരുന്നുവെന്നും കഠിനാധ്വാനം ചെയ്ത് ആഭ്യന്തര തലത്തിലും 2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ തനിക്കായെന്നും റെയ്‌ന ഓർത്തെടുത്തു.
2019 ലോകകപ്പിൽ പരിചയസമ്പന്നരായ താരങ്ങളുടെ കുറവുണ്ടായിരുന്ന സ്ഥാനത്ത് തനിക്കും യുവരാജ് സിംഗിനും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നുവെന്ന് റെയ്‌ന വിശ്വസിക്കുന്നു. തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് കോച്ചിനോടും ക്യാപ്റ്റനോടും പലതവണ ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്നും ടീമിലെ ആശയവിനിമയം വളരെ മോശമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാൻ വേണ്ടി മാത്രമായി എന്തെങ്കിലും ഒരു കാരണം കണ്ടെത്താനുള്ള ശ്രമമായിരുന്നു അതോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനായി വർഷങ്ങളോളം കളിച്ച മുതിർന്ന താരങ്ങൾക്ക് അർഹമായ യാത്രയയപ്പ് മത്സരം ലഭിക്കാത്തതിലും റെയ്‌ന കടുത്ത അതൃപ്തി രേഖപ്പെടുത്തി. നാട്ടിൽ ഒരു അവസാന മത്സരമോ അർഹിക്കുന്ന ആദരവോ നൽകുന്നത് കളിക്കാരുടെ മനസ്സിന് വലിയ ആശ്വാസമാകുമെന്നും എന്നാൽ ഇന്നത്തെ കാലത്ത് അത് കാണാനില്ലെന്നും റെയ്‌ന കൂട്ടിച്ചേർത്തു.












