ഉദ്യോഗസ്ഥരായ ദമ്പതികൾ പരസ്പരം വീട്ടുജോലികൾ പങ്കുവെക്കുന്ന ആധുനിക കാലത്തും, ഭർത്താവ് പാചകം ചെയ്താൽ ഭാര്യ കുറ്റക്കാരിയാകുന്ന വിചിത്ര മനോഭാവം ഇന്ത്യൻ കുടുംബങ്ങളിൽ മാറ്റമില്ലാതെ തുടരുന്നു. ഭർത്താവ് ചോറു വെക്കുന്നതോ പച്ചക്കറി അരിയുന്നതോ കണ്ടാൽ “നല്ല ഭാര്യയല്ല”, “ഭർത്താവിനെ അടിമയാക്കി വെച്ചിരിക്കുകയാണ്” തുടങ്ങിയ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമാണ് ഇന്നും പല സ്ത്രീകളും സ്വന്തം വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടുന്നത്. സമത്വത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന നഗരപ്രദേശങ്ങളിൽ പോലും, അടുക്കള എന്നത് സ്ത്രീയുടെ മാത്രം ബാധ്യതയാണെന്ന പുരുഷാധിപത്യ മനോഭാവം ദൃഢമായി നിലനിൽക്കുന്നു.
എഴുത്തുകാരനായ സായന്തൻ ഘോഷ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. താൻ വീട്ടിൽ പാചകം ചെയ്യുന്നത് കാണുമ്പോൾ, ഭാര്യ അനന്ദിതയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നും അവൾ നല്ലൊരു ഭാര്യയോ അമ്മയോ അല്ലെന്നും ആളുകൾ നിരന്തരം കളിയാക്കാറുണ്ടെന്ന് അദ്ദേഹം കുറിച്ചു. സഞ്ജീവ് കപൂറിനെയും രൺവീർ ബ്രാറിനെയും പോലുള്ള പ്രശസ്തരായ പുരുഷ ഷെഫുമാരെ ആദരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന അതേ സമൂഹം, സ്വന്തം വീട്ടിലെ പുരുഷൻ അടുക്കളയിൽ കയറുമ്പോൾ ഭാര്യയുടെ ‘പോരായ്മ’യായി അതിനെ ചിത്രീകരിക്കുന്ന ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
വീട്ടുജോലിക്കാർ മുതൽ ബന്ധുക്കളും മാതാപിതാക്കളും വരെ ഇത്തരത്തിൽ അനാവശ്യ ചോദ്യങ്ങളുമായി സ്ത്രീകളെ മാനസികമായി ബുദ്ധിമുട്ടിക്കാറുണ്ട്. നോയിഡയിലെ അധ്യാപികയായ റിഥത്തിന് വിവാഹശേഷം സമാനമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നു. ഭർത്താവ് അടുക്കളയിൽ കയറുന്നത് കണ്ട് “നീ നല്ലൊരു ഭാര്യയാണോ?” എന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചതോടെ താൻ മാനസികമായി തളർന്നുപോയെന്ന് റിഥം വെളിപ്പെടുത്തുന്നു. കുടുംബസംഗമങ്ങളിൽ സ്ത്രീകൾ മണിക്കൂറുകളോളം പാചകം ചെയ്ത് വിളമ്പുന്നത് സ്വാഭാവികമായി കാണുന്നവർ, ഒരു പുരുഷൻ അതിഥികൾക്കായി ഭക്ഷണം വിളമ്പിയാൽ ഞെട്ടലോടെയാണ് നോക്കുന്നത്.
ജോലി കഴിഞ്ഞ് തളർന്നെത്തുന്ന ഭാര്യയ്ക്ക് ആശ്വാസമായി മുംബൈ സ്വദേശിയായ ശിവം ത്രിവേദി പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ സ്വന്തം അമ്മയ്ക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. ദശാബ്ദങ്ങളായി ഒറ്റയ്ക്ക് താമസിച്ച് പാചകം പഠിച്ച മകൻ, വിവാഹശേഷം അടുക്കളയിൽ കയറുന്നത് മരുമകളുടെ കുറ്റമായാണ് അമ്മ കണ്ടത്. മറ്റൊരു സംഭവത്തിൽ, ഡൽഹി സ്വദേശിയായ ജയയുടെ വീട്ടിൽ പുതിയതായി വന്ന വീട്ടുജോിക്കാരി, ഭർത്താവ് സ്നേഹിൽ ചിക്കൻ കറി വെയ്ക്കുന്നത് കണ്ട് “അയ്യോ ചേട്ടനാണോ ഉണ്ടാക്കുന്നത്?” എന്ന് അമ്പരപ്പോടെ ചോദിക്കുകയും, ഭർത്താവിനെ സന്തോഷിപ്പിക്കാൻ ജയ പാചകം പഠിക്കണമെന്ന് ഉപദേശിക്കുകയുമുണ്ടായി.
മുൻ തലമുറയിലെ സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽ നിന്ന് അടുക്കളയിൽ സഹായം ലഭിക്കാതിരുന്നതും, പാചകം സ്ത്രീയുടെ മാത്രം കർത്തവ്യമാണെന്ന പരമ്പരാഗത ചിന്താഗതിയുമാണ് ഇതിന് പ്രധാന കാരണം. എങ്കിലും ഈ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുന്ന കുടുംബങ്ങളുമുണ്ട്. 58-കാരിയായ ചാരു സഹായ് എന്ന അധ്യാപിക പറയുന്നത് തന്റെ ഭർത്താവ് മികച്ച രീതിയിൽ പാചകം ചെയ്യാറുണ്ടെന്നും, രാവിലെയുള്ള അദ്ദേഹത്തിന്റെ അടുക്കള സഹായം തനിക്ക് വലിയ ആശ്വാസമാണെന്നുമാണ്. അടുക്കള എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, പങ്കാളികൾ പരസ്പരം സഹായിക്കേണ്ട ഇടമാണെന്നും കരുതുന്ന പുതിയ തലമുറ മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ ഇരട്ടത്താപ്പ് പൂർണ്ണമായും മാറാൻ ഇനിയും സമയമെടുക്കുമെന്നാണ് ഇത്തരം അനുഭവങ്ങൾ വ്യക്തമാക്കുന്നത്.










