ന്യൂഡൽഹി: അതിർത്തിയിൽ എന്തെങ്കിലും തരത്തിലുള്ള അനാവശ്യ നീക്കങ്ങൾക്കോ ഭീകരപ്രവർത്തനങ്ങൾക്കോ തുനിഞ്ഞാൽ പാകിസ്ഥാന്റെ അതിർത്തിക്കുള്ളിൽ കയറി പ്രഹരിക്കാൻ ഇന്ത്യൻ സൈന്യം മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി സർവകലാശാലയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് പാകിസ്ഥാന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഇന്ന് ഭീകരവാദം പ്രചരിപ്പിക്കുന്നവർ പൂർണ്ണമായും പ്രതിരോധത്തിലാണെന്നും ഇന്ത്യയുടെ സുരക്ഷാ നയത്തിൽ വൻ മാറ്റങ്ങൾ വന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീർ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇന്ന് സമാധാനം പുലരുന്നുണ്ടെന്നും മാവോയിസ്റ്റ്-നക്സൽ ഭീകരതയുടെ നട്ടെല്ല് ഒടിക്കാൻ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. മുൻപ് ‘നയപരമായ പാരലൈസിസ്’ (Policy Paralysis) എന്ന് പറഞ്ഞ് ഇന്ത്യയെ ആശങ്കയോടെ നോക്കിക്കണ്ട ലോകം, ഇന്ന് ഇന്ത്യയുടെ നയപരമായ ചടുലതയെക്കുറിച്ച് (Policy Dynamism) സംസാരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വ്യാപാര വെല്ലുവിളികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യ കൈവരിച്ച 7.8 ശതമാനം ത്രൈമാസ ജിഡിപി വളർച്ച രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2013-ൽ ഇന്ത്യയെ ‘ഫ്രജൈൽ ഫൈവ്’ (Fragile Five) സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലാണ് ലോകം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും, അന്ന് രാജ്യത്തെ നിരാശയിലാക്കിയവർക്ക് ഇന്നത്തെ വളർച്ച ദഹിക്കുന്നില്ലെന്നും മോദി പരിഹസിച്ചു.
2013-ൽ താൻ ഇതേ കോളേജിൽ പ്രസംഗിച്ച സമയത്തെ രാജ്യത്തെ അവസ്ഥയെയും മോദി അനുസ്മരിച്ചു. അന്ന് അതിർത്തിയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും അഴിമതിക്കഥകൾ പുറത്തുവരികയും പണപ്പെരുപ്പം 10 ശതമാനത്തോളമായി ഉയരുകയും ചെയ്തിരുന്നു. എന്നാൽ 2014-ൽ അധികാരത്തിലേറിയ ശേഷം ആ സ്ഥിതി മാറ്റിയെടുത്തു. 1925 മുതൽ 2014 വരെയുള്ള 90 വർഷം കൊണ്ട് രാജ്യത്ത് 30 ശതമാനത്തിൽ താഴെ റെയിൽവേ ലൈനുകൾ മാത്രം വൈദ്യുതീകരിച്ചപ്പോൾ, കഴിഞ്ഞ 12 വർഷം കൊണ്ട് റെയിൽവേ ലൈനുകളുടെ 100 ശതമാനം വൈദ്യുതീകരണവും പൂർത്തിയാക്കാൻ തന്റെ സർക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി. ചടങ്ങിൽ വെച്ച് കോളേജിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 100 രൂപയുടെ സ്മാരക നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.










