രാജ്യത്ത് നഗരകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഭൗതിക നക്സലുകളെയും അവരെ പിന്തുണയ്ക്കുന്നവരെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദിമാഗി നക്സലുകൾ’ (മനസ്സിൽ നക്സൽ ആശയം കൊണ്ടുനടക്കുന്നവർ) ഹോമിയോപ്പതി ഗുളികകൾ പോലെയാണെന്നും, താൻ ആ വാക്ക് ഉപയോഗിച്ച നിമിഷം മുതൽ അത്തരക്കാർ സ്വയം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പ്രശസ്തമായ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ (SRCC) വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഹോമിയോപ്പതി മരുന്നുകളുടെ പ്രവർത്തനരീതിയുമായി താരതമ്യം ചെയ്താണ് പ്രധാനമന്ത്രി തന്റെ പ്രയോഗത്തെ വിശദീകരിച്ചത്. “ഹോമിയോപ്പതി മരുന്ന് കഴിക്കുമ്പോൾ രോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പുറത്തേക്ക് വരാറുണ്ട്. അതുപോലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദിമാഗി നക്സൽ’ എന്ന പദം ഉപയോഗിച്ചതോടെയാണ് ഒരു പ്രത്യേക അജണ്ടയുമായി നടക്കുന്ന ഈ വിഭാഗം ആളുകൾ സ്വയം വെളിപ്പെട്ട് രംഗത്തുവന്നത്” എന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്ത് നക്സലിസത്തിന്റെ കായീകബലം കുറഞ്ഞെങ്കിലും, ആശയപരമായി അതിനെ പിന്തുണയ്ക്കുന്ന അർബൻ നക്സലുകൾ അപകടകാരികളാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
താൻ നടത്തിയ പരാമർശത്തിന് പിന്നാലെ വ്യാജ പ്രചാരണങ്ങളുമായി സ്വയം രംഗത്തെത്തിയവർക്ക് കൃത്യമായ മുന്നറിയിപ്പും പ്രധാനമന്ത്രി നൽകി. “ദിമാഗി നക്സലുകളായി സ്വയം വെളിപ്പെടുത്തിയവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഭാരതം നിങ്ങളെ വളരെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തെയും മുന്നേറ്റത്തെയും തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ ജനങ്ങൾ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേർത്തു.










