ഡൽഹി മെട്രോയിൽ അപ്രതീക്ഷിത യാത്ര നടത്തി സഹയാത്രികരെയും വിദ്യാർത്ഥികളെയും വിസ്മയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ പോകുന്ന വഴിയാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്.
മെട്രോ സ്റ്റേഷനിലെ ഗേറ്റിൽ സ്വന്തമായി ട്രാവൽ കാർഡ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലെത്തിയ പ്രധാനമന്ത്രി, യെല്ലോ ലൈനിലെ കോച്ചിൽ കയറി വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സാധാരണക്കാരായ യാത്രക്കാർക്കൊപ്പം ഇരുപത് മിനിറ്റോളം ചിലവഴിച്ച അദ്ദേഹം, കോച്ചിലുണ്ടായിരുന്ന സ്കൂൾ വിദ്യാർത്ഥികളോടും സ്ത്രീകളോടും വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.
യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ അടുത്തിരുന്ന ഒരു സ്കൂൾ വിദ്യാർത്ഥി അദ്ദേഹത്തിന്റെ ചെവിയിൽ ‘എനിക്ക് അങ്ങയെപ്പോലെ ആകണം’ എന്ന് ആഗ്രഹം പറഞ്ഞതും, അധ്യാപക ദിനവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി തങ്ങൾക്ക് വലിയൊരു പ്രചോദനമാണെന്ന് മറ്റൊരു വിദ്യാർത്ഥി വ്യക്തമാക്കിയതും യാത്രയെ ഹൃദ്യമാക്കി. അടുത്ത ദിവസങ്ങളിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ഒരു കുഞ്ഞിന് അഡ്വാൻസ് ജന്മദിനാശംസകൾ നേരാനും പ്രധാനമന്ത്രി മറന്നില്ല. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിൽ നിന്നുള്ള ഒരു വനിതാ യാത്രിക കാശിയിലെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചു.
പ്രധാനമന്ത്രി ഇതാദ്യമായല്ല ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നത്. 2015-ലും 2023-ലും ഔദ്യോഗിക പരിപാടികൾക്കായി മെട്രോയെ ആശ്രയിച്ച അദ്ദേഹം, ഈ വർഷം ഫെബ്രുവരിയിൽ മീററ്റ് മെട്രോയിലും യാത്ര ചെയ്തിരുന്നു. മെട്രോ യാത്രയുടെ മനോഹരമായ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.








