ഇറാനുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം പശ്ചിമേഷ്യൻ സമവാക്യങ്ങളെ അടിമുടി മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം സമഗ്രമായ പുതിയ നയതന്ത്ര പദ്ധതി തയ്യാറാക്കുന്നു. ‘ആക്‌സിയോസ്’ റിപ്പോർട്ട് പ്രകാരം, യുദ്ധാനന്തരം പശ്ചിമേഷ്യയിൽ ഇറാനെ പ്രതിരോധിക്കാൻ പ്രാദേശിക സഖ്യമുണ്ടാക്കുന്നതിനൊപ്പം അയൽരാജ്യങ്ങളുമായി ഇസ്രായേലിന്റെ ബന്ധം കൂടുതൽ ദൃഢമാക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്.
യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയ്ക്കായി താൻ കൂടുതൽ വലിയൊരു നീക്കമാണ് തയ്യാറാക്കുന്നതെന്ന് ട്രംപ് അടുപ്പക്കാരോട് വ്യക്തമാക്കിയതായാണ് വിവരം. മുതിർന്ന ഉപദേശകരും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായാണ് ഈ തന്ത്രപരമായ രൂപരേഖ തയ്യാറാക്കുന്നത്. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. അമേരിക്ക സുരക്ഷാ ഉറപ്പുനൽകിക്കൊണ്ട് ഇറാനെതിരായ സഖ്യത്തിലേക്ക് മേഖലയിലെ യുഎസ് സഖ്യകക്ഷികളെ ഒന്നിപ്പിക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്.
2023 ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ അവസാനിപ്പിക്കുക, ഗാസയ്ക്കായുള്ള അടുത്ത ഘട്ട പദ്ധതി നടപ്പാക്കുക, ഇസ്രായേൽ-സിറിയ സുരക്ഷാ ധാരണകൾ രൂപീകരിക്കുക, ഒപ്പം നിലവിലെ ഇസ്രായേൽ-ലെബനൻ കരാർ പ്രാബല്യത്തിൽ വരുത്തുക എന്നിവ രണ്ടാമത്തെ ഘട്ടത്തിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം ‘എബ്രഹാം ഉടമ്പടി’ വിപുലീകരിച്ച് സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ ചരിത്രപരമായ സമാധാന ഉടമ്പടി ഉണ്ടാക്കുക എന്നതാണ് മൂന്നാമത്തെ പ്രധാന ലക്ഷ്യം.
ഒക്ടോബർ 27-ന് ഇസ്രായേലിൽ നടക്കുന്ന തെരഞ്ഞെടുപ്പും നവംബറിലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പും ഈ നീക്കങ്ങളിൽ സ്വാധീനം ചെലുത്തിയേക്കാമെങ്കിലും, ഇസ്രായേലിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാര്യങ്ങൾ വൈകിപ്പിക്കാൻ ട്രംപ് തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ആഴ്ചകളിൽ സമഗ്രമായ രൂപരേഖ പൂർത്തിയാകുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.








