അടുത്ത രണ്ട് വർഷത്തിനുള്ളിൽ മെട്രോ റെയിൽ ശൃംഖലയുടെ നീളത്തിൽ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ. 2,850 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇൻഡോർ മെട്രോ റെയിൽ സർവീസിന്റെ വിപുലീകരിച്ച പാത ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ അമേരിക്കയിൽ 1,386 കിലോമീറ്റർ മെട്രോ ശൃംഖലയാണുള്ളത്. ഇൻഡോറിലെ പുതിയ പാത കൂടി പ്രവർത്തനക്ഷമമായതോടെ ഇന്ത്യയിലെ ആകെ മെട്രോ ശൃംഖലയുടെ ദൈർഘ്യം 1,170 കിലോമീറ്ററായി ഉയർന്നു.
അമേരിക്കയേക്കാൾ വെറും 216 കിലോമീറ്ററിന്റെ കുറവ് മാത്രമാണ് ഇപ്പോൾ ഇന്ത്യക്കുള്ളതെന്നും, അടുത്ത രണ്ട് വർഷത്തിനകം അമേരിക്കയെ പിന്തള്ളി ചൈനയ്ക്ക് തൊട്ടുപിന്നിൽ ലോകത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 8,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ശൃംഖലയുമായി ചൈനയാണ് ഈ രംഗത്ത് ഒന്നാമത്.
2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേൽക്കുമ്പോൾ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി കേവലം 245 കിലോമീറ്റർ മെട്രോ സർവീസ് മാത്രമാണുണ്ടായിരുന്നതെങ്കിൽ, നിലവിൽ 26 നഗരങ്ങളിലായി 1,170 കിലോമീറ്ററിലേക്ക് ഇത് വ്യാപിപ്പിക്കാൻ കഴിഞ്ഞതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. മെട്രോ റെയിൽ കേവലം ഒരു ഗതാഗത സംവിധാനം മാത്രമല്ലെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും 2047-ഓടെ ‘വികസിത് ഭാരതം’ യാഥാർത്ഥ്യമാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി നഗർ മുതൽ മാളവ്യ നഗർ ചൗരാഹ വരെയുള്ള 17 കിലോമീറ്റർ ദൂരത്തിലാണ് ഇൻഡോറിൽ പുതുതായി മെട്രോ സർവീസ് ആരംഭിച്ചിരിക്കുന്നത്. 16 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഈ പാതയിൽ പ്രതിദിനം 80-ലധികം ട്രിപ്പുകൾ സർവീസ് നടത്തുമെന്നും, ഇത് ഇൻഡോറിലെ പ്രധാന വാണിജ്യ-താമസ മേഖലകളെ ബന്ധിപ്പിച്ച് നഗരവികസനത്തിന് പുതിയ ഊർജ്ജം പകരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും വ്യക്തമാക്കി.








