ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമായത്ര എണ്ണ വിതരണം ചെയ്യാൻ റഷ്യ പൂർണ്ണ സജ്ജമാണെന്നും, അമേരിക്കയുടേത് വിലകുറഞ്ഞ ഒളിയമ്പുകളും സമ്മർദ്ദ തന്ത്രങ്ങളുമാണെന്നും ഡൽഹിയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് വ്യക്തമാക്കി.
ഇന്ത്യയ്ക്ക് റഷ്യ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള എണ്ണ കരാറുകളോട് മത്സരബുദ്ധിയോടെ മികച്ച ഓഫറുകൾ നൽകി പോരാടുന്നതിന് പകരം, ഉപരോധങ്ങളും ഇറക്കുമതി തീരുവയും ഏർപ്പെടുത്തി ഇന്ത്യയെ ഭയപ്പെടുത്താനാണ് ഉപരോധം ഏർപ്പെടുത്തുന്ന രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് റഷ്യൻ സ്ഥാനപതി കുറ്റപ്പെടുത്തി. റഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടാൽ ലോക സാമ്പത്തിക രംഗത്തിനും ഊർജ്ജ വിപണിക്കുമത് താങ്ങാനാകില്ലെന്നും അത് ആഗോള തലത്തിൽ വലിയ തകർച്ചയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ 50 ശതമാനത്തോളം ഇറക്കുമതി തീരുവയും, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന ആദ്യ അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനം വരെ കനത്ത ഉപരോധവും തീരുവയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന സെനറ്റ് ബില്ലുമായി അമേരിക്ക മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ നിർണായക നിലപാട് പുറത്തുവന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം അമേരിക്ക താൽക്കാലികമായി ചില ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, ചൈന, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് യുഎസ് ശ്രമിക്കുന്നത്. എന്നാൽ ഈ ഭീഷണികളെയെല്ലാം തള്ളി റഷ്യയുമായുള്ള ഊർജ്ജ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന സന്ദേശമാണ് മോസ്കോയും നൽകുന്നത്.










