ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള വ്യക്തിഹത്യകളും അശ്ലീല ചുവയുള്ള അധിക്ഷേപ പരാമർശങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രതിപക്ഷമായ ഡി.എം.കെക്കെതിരെയും ഉദയനിധി സ്റ്റാലിന്റെ അടുത്തിടെയുണ്ടായ വിവാദ പരാമർശങ്ങൾക്കെതിരെയും പേരുകൾ പരാമർശിക്കാതെ വിജയ് ആഞ്ഞടിച്ചത്.
തന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ പ്രധാന കരുത്ത് സ്ത്രീകളാണെന്ന് വിജയ് ഓർമ്മിപ്പിച്ചു. “തീവ്രമായ രാഷ്ട്രീയ വിമർശനങ്ങൾ ആകാം, എന്നാൽ സ്ത്രീകൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും അന്തസ്സിനെ ബാധിക്കുന്ന പ്രയോഗങ്ങളും അനുവദിക്കില്ല. അടുത്തിടെയായി തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരെ അപകീർത്തികരവും ദ്വയാർത്ഥപ്രയോഗങ്ങൾ നിറഞ്ഞതുമായ ഭാഷ ഉപയോഗിക്കുന്നത് വർദ്ധിച്ചുവരികയാണ്. ആരാണ് ഇത്തരം നികൃഷ്ടമായ ഭാഷ ഉപയോഗിക്കുന്നതെന്ന് ജനങ്ങൾ കൃത്യമായി വീക്ഷിക്കുന്നുണ്ട്” എന്ന് വിജയ് വ്യക്തമാക്കി.
നടി തൃഷയ്ക്കെതിരെ ഡി.എം.കെ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയിന്റെ ഈ പ്രതികരണം. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ, സദസ്സിൽ നിന്ന് തൃഷയുടെ പേര് ഉയർന്നപ്പോൾ ഉദയനിധി അശ്ലീല ചുവയുള്ള പരാമർശം നടത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ അറസ്റ്റ് ചെയ്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയിരുന്നുവെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിച്ചു. വിജയിന്റെ രാഷ്ട്രീയ പ്രവേശനം മുതൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ഉടലെടുത്ത ഏറ്റവും വലിയ വാക്പോരിനാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.











