ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ (UN) പൊതുസഭ പാസാക്കിയ പുതിയ ലോക ഭൂപട പ്രമേയത്തെ പിന്തുണയ്ക്കുമ്പോഴും, രാജ്യത്തിന്റെ പരമാധികാര അതിർത്തികളുടെ കാര്യത്തിൽ ശക്തമായ നിലപാടുമായി ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി തന്നെ അടയാളപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇതിൽ ഉണ്ടാകുന്ന ഏതൊരു തെറ്റായ രീതിയിലുള്ള ചിത്രീകരണവും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തിലും പ്രാദേശിക അഖണ്ഡതയിലും വിട്ടുവീഴ്ചയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഭൂഖണ്ഡങ്ങളുടെ വിസ്തീർണ്ണം കൃത്യമായി ചിത്രീകരിക്കുന്നതിനായി ആഫ്രിക്കൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ‘കറക്റ്റ് ദി മാപ്പ്’ (Correct the map) പ്രമേയം 164 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസായത്. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പതിനാറാം നൂറ്റാണ്ടിലെ മെർക്കേറ്റർ പ്രമേയത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വലിപ്പം വളരെ ചെറുതായി ചിത്രീകരിച്ചിരിക്കുന്ന പോരായ്മ പരിഹരിക്കാനാണ് ‘ഇക്വൽ എർത്ത്’ (Equal Earth) രീതിയിലുള്ള പ്രമേയം കൊണ്ടുവന്നത്. ഈ സാങ്കേതിക തിരുത്തലിന് ഇന്ത്യ വോട്ട് ചെയ്തെങ്കിലും, ഇത് ഏതെങ്കിലും രാജ്യങ്ങളുടെ രാഷ്ട്രീയ അതിർത്തികളെ അംഗീകരിക്കലോ നിർണ്ണയിക്കലോ അല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
‘ഇക്വൽ എർത്ത്’ പ്രൊജക്ഷനിൽ ഇന്ത്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചില ഭാഗങ്ങൾ തെറ്റായ രീതിയിൽ പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തിക്കുള്ളിൽ കാണിക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. പുതിയ പ്രമേയം വിസ്തീർണ്ണങ്ങളുടെ അനുപാതം ശരിയാക്കാൻ മാത്രമുള്ളതാണെന്നും രാഷ്ട്രീയ അതിർത്തികളെ ബാധിക്കുന്ന ഒന്നല്ലെന്നും വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു പറഞ്ഞു. പ്രമേയത്തെ യുഎസ് എതിർത്തപ്പോൾ 6 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.











