ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീവ്രവാദ വിരുദ്ധ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ, പുതിയ നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റി (NACTA) മേധാവി മേജർ ജനറൽ ഫൈസൽ നസീറും ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തിയും നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ആശങ്കകൾക്കും വഴിവെക്കുന്നു. ബലൂചിസ്ഥാനിൽ സമാന്തരായുധ ഗ്രൂപ്പുകളെയും സായുധ സംഘങ്ങളെയും (ഡെത്ത് സ്‌ക്വാഡുകൾ) നയിക്കുന്ന വിവാദ ഗോത്ര നേതാവ് ഷെഫീഖ് ഉർ റഹ്മാൻ മെംഗലുമായി ബന്ധപ്പെടുത്തി ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം വലിയ നയതന്ത്ര ചർച്ചയാകുന്നത്.
അടുത്തിടെയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ (ISI) ആഭ്യന്തര വിങ് മേധാവി സ്ഥാനത്തുനിന്നും ഫൈസൽ നസീറിനെ മൂന്ന് വർഷത്തേക്ക് സിവിലിയൻ ഭീകരവിരുദ്ധ ഏജൻസിയായ നാക്റ്റയുടെ നാഷണൽ കോർഡിനേറ്ററായി നിയമിച്ചത്. ഇതിനു പിന്നാലെ പ്രവിശ്യയിലെ ക്രമസമാധാനം വിലയിരുത്താനെന്ന പേരിൽ നടന്ന ഉന്നതതല യോഗങ്ങൾ സമാന്തര സൈനിക ഗ്രൂപ്പുകൾക്ക് പാക് ഭരണകൂടം നൽകുന്ന പിന്തുണയുടെ തെളിവാണെന്നാണ് ബലൂച്ച് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. ഖുസ്ദാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മുസല്ല ദിഫാ തൻസീം’ എന്ന സായുധ സംഘത്തിലൂടെ ബലൂച്ച് ദേശീയവാദികളെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്താൻ മെംഗലിന്റെ നേതൃത്വത്തിലുള്ള സംഘങ്ങൾക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് ദക്ഷിണേഷ്യൻ ഭീകരവിരുദ്ധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലഷ്‌കറെ തയിബ, ദാഇഷ് (ഐ.എസ്.ഐ.എസ്), ലഷ്‌കറെ ജങ്‌വി തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകരസംഘടനകളുമായി മെംഗലിനുള്ള ബന്ധവും, 2014-ൽ എട്ട് ലെവീസ് ഉദ്യോഗസ്ഥരെ വധിച്ച കേസിൽ ഇയാൾക്കെതിരെ എടുത്ത കേസും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സിവിലിയൻ ഏജൻസിയുടെ മറവിൽ ബലൂചിസ്ഥാനിലെ വിഘടനവാദികളെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്താൻ പ്രാദേശിക സായുധ സംഘങ്ങളെ മുൻനിർത്തി പാക് സുരക്ഷാ ഏജൻസികൾ നടത്തുന്ന പഴയ തന്ത്രം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിമർശനം. എന്നാൽ കൂടിക്കാഴ്ചകൾ ഔദ്യോഗിക തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്നും സമാന്തര സംഘങ്ങളുമായുള്ള ഔദ്യോഗിക ബന്ധത്തിന് പരസ്യ തെളിവുകളില്ലെന്നുമാണ് ഭരണകൂടത്തിന്റെ വാദം.









