തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ നദീമുൽ ഹഖിന്റെ ഉടമസ്ഥതയിലുള്ള ‘അഖ്ബാർ-ഇ-മഷ്‌രിഖ്’ എന്ന ഉറുദു ദിനപത്രത്തിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കൊൽക്കത്തയിലെ പാർക്ക് സർക്കസിലുള്ള പത്രത്തിന്റെ പ്രധാന ഓഫീസ്, എംപിയുടെ വസതി, ദില്ലി, റാഞ്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ ഉൾപ്പെടെ ഏഴോളം കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തിയത്. കേന്ദ്ര സായുധ സേനയുടെ കടുത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു ഇഡി സംഘം ഈ കേന്ദ്രങ്ങളിൽ എത്തിയത്.
സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിച്ചു എന്ന ആരോപണത്തിലും സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളിലുമാണ് ഇഡി അന്വേഷണം നടക്കുന്നത്. ബിധാനഗർ പോലീസ് കമ്മീഷണറേറ്റ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കേസ് എടുത്തത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി കണക്കിൽപ്പെടാത്ത പണവും വിദേശ ധനസഹായവും എത്തിയതായി ഇഡി സംശയിക്കുന്നു.
റെയ്ഡിന്റെ സമയത്ത് പത്രത്തിന്റെ ഡയറക്ടർ കൂടിയായ നദീമുൽ ഹഖ് ഓഫീസിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുകയും നിരവധി ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. കൊൽക്കത്തയ്ക്ക് പുറമെ ഡൽഹി, റാഞ്ചി, ഭോപ്പാൽ തുടങ്ങി നിരവധി നഗരങ്ങളിൽ പതിറ്റാണ്ടുകളായി എഡിഷനുകളുള്ള ജനപ്രിയ ഉറുദു ദിനപത്രമാണ് അഖ്ബാർ-ഇ-മഷ്‌രിഖ്.








