കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എൻജിനിൽ എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരികെ ഇറക്കി. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 50 മിനിറ്റിനു ശേഷം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാമത്തെ എൻജിനിലെ ഓയിലിന്റെ അളവ് വേഗത്തിൽ കുറയുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഐഎക്സ് 415 ബോയിംഗ് 737 വിമാനത്തിലാണ് പറക്കലിനിടയിൽ ഈ സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.
സാഹചര്യം വിലയിരുത്തിയ ജീവനക്കാർ സുരക്ഷ മുൻനിർത്തി അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. യാത്ര തുടരുന്നതിനിടെ എൻജിൻ ഓയിൽ പ്രഷർ അപകടകരമായ രീതിയിൽ താഴ്ന്നതോടെ പൈലറ്റുമാർ ഒന്നാമത്തെ എൻജിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു. തുടർന്ന് ഒരൊറ്റ എൻജിന്റെ സഹായത്തോടെ വിമാനം സുരക്ഷിതമായി കൊച്ചിയിൽ ലാൻഡ് ചെയ്യുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന് നേരിട്ട അപകടാവസ്ഥയെക്കുറിച്ച് യാത്രക്കാർക്ക് കൃത്യസമയത്ത് സൂചനയൊന്നും ലഭിച്ചിരുന്നില്ല. കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയ വിമാനത്തിൽ സാങ്കേതിക വിദഗ്ധർ വിശദമായ പരിശോധനകൾ നടത്തുകയും യാത്രക്കാർക്കായി പകരം യാത്രാസൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.








