റെയർ എർത്ത് കാന്തങ്ങൾ, ബാറ്ററി സെല്ലുകൾ, സോളാർ സാങ്കേതികവിദ്യ, പ്രത്യേക ഊർജ്ജ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ചൈനയോട് ശക്തമായി ആവശ്യപ്പെടാൻ ഇന്ത്യ ഒരുങ്ങുന്നു. ചൈനയുമായുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ വിവിധ വ്യവസായ സംഘടനകളുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയായിരിക്കും ഈ വിഷയത്തിൽ നിർണ്ണായക ചർച്ചകൾ നടക്കുക. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിലും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിലും ചൈനയുടെ ഭാഗത്തുനിന്ന് പരസ്പര ധാരണയോടെയുള്ള നീതിപൂർവ്വമായ സമീപനമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
പ്രധാന സാങ്കേതിക ഉൽപന്നങ്ങളുടെ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള ചൈനീസ് കസ്റ്റംസിന്റെ കർശന നിയന്ത്രണങ്ങളെക്കുറിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ചൈന ഡെസ്ക് വിശദമായി പരിശോധിച്ചു വരികയാണ്. ചൈനയിൽ നിന്നുള്ള റെയർ എർത്ത് കാന്തങ്ങളുടെ കയറ്റുമതിയിലുണ്ടായ കാലതാമസം ഇന്ത്യൻ വാഹന നിർമ്മാണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകൾക്കും മറ്റ് ഓട്ടോമൊബൈൽ ഘടകങ്ങൾക്കും ഈ കാന്തങ്ങൾ അത്യന്താപേക്ഷിതമായതിനാൽ ഇന്ത്യൻ വാഹന നിർമ്മാതാക്കൾ മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ്, ആഗോള സാമ്പത്തിക കൂട്ടായ്മയുടെ വേദിയിൽ വെച്ച് തന്നെ പ്രശ്നം ഉന്നയിക്കാൻ രാജ്യം തയ്യാറെടുക്കുന്നത്.








