പട്‌ന: മോഷ്ടാക്കളുടെ ശല്യം കാരണം കാർ വീടിന് മുന്നിൽ പാർക്ക് ചെയ്യാൻ പേടിയാണോ? എന്നാൽ അതിന് ബിഹാറിലെ ഈ പ്രവാസി കണ്ടെത്തിയ വഴി കണ്ടാൽ ആരും ഒന്ന് ഞെട്ടും! പുതുതായി വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള എസ്‌യുവി മോഷണം പോകാതിരിക്കാൻ ഭീമൻ ക്രെയ്ൻ എത്തിച്ച് വീടിന്റെ രണ്ടാം നിലയിലെ ടെറസിലേക്ക് കയറ്റിവെച്ചിരിക്കുകയാണ് ഈ ഉടമ. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ മനോജ് യാദവാണ് തന്റെ പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് എസ്‌യുവിക്ക് ഈ അപൂർവ്വ സുരക്ഷ ഉറപ്പാക്കിയത്. ക്രെയ്ൻ ഉപയോഗിച്ച് വാഹനം വായുവിൽ ഉയർത്തി വീടിന്റെ ടെറസിലേക്ക് വളരെ സുരക്ഷിതമായി ഇറക്കിവെക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇസ്രായേലിൽ ജോലിയുള്ള മനോജ് യാദവ് അടുത്തിടെ നാട്ടിലെത്തിയപ്പോഴാണ് പുത്തൻ എസ്‌യുവി വാങ്ങിയത്. ജോലി ആവശ്യങ്ങൾക്കായി തിരികെ വിദേശത്തേക്ക് പോകേണ്ടി വന്നപ്പോൾ വാഹനം നോക്കിനടത്താനായി ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ചു പോയതോടെയാണ് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് മനോജിന് ആശങ്കയുണ്ടായത്. വീടിന് മുന്നിലോ റോഡരികിലോ ഇട്ടിരുന്നാൽ വണ്ടി മോഷണം പോകാൻ സാധ്യത കൂടുതലാണെന്ന് മനസിലാക്കിയതോടെയാണ് ഒടുവിൽ വാഹനം ടെറസിലേക്ക് കയറ്റി വെക്കാൻ ഇദ്ദേഹം തീരുമാനിച്ചത്.
വലിയൊരു ക്രെയ്ൻ വാടകയ്‌ക്കെടുത്ത് വീടിന്റെ ഇരുനില കെട്ടിടത്തിന് മുകളിലേക്ക് വളരെ ശ്രദ്ധയോടെ എസ്‌യുവി ഉയർത്തി മാറ്റുകയായിരുന്നു. പ്രദേശവാസികളിൽ പലരും ഈ വിചിത്രമായ നീക്കം കണ്ട് അമ്പരക്കുകയും സംഭവം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ബിഹാറിലെ ഈ അപൂർവ്വ ബുദ്ധിയെ പുകഴ്ത്തിയും പരിഹസിച്ചും നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. “ഇനി മോഷ്ടാക്കൾക്ക് കാർ മോഷ്ടിക്കണമെങ്കിൽ ഒരു ക്രെയ്നും കൂടി കൊണ്ടുവരേണ്ടി വരും” എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ തമാശയായി കുറിച്ചത്.










