തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി. എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും തിരിച്ചടി. കേസിൽ ഇരുവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ജഡ്ജി എ. നസീറയുടേതാണ് ഈ നിർണായക നടപടി.
അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തിൽ ഹർജിക്കാരൻ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാനോ കേസിൽ ഇടപെടാനോ കീഴ്ക്കോടതി തയ്യാറായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ പ്രാഥമികമായി വസ്തുതയുണ്ടെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കാണിക്കുന്നതും സ്വത്ത് വിവരങ്ങൾ മറച്ചുവെക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ കൂടിയായ വീണ വിജയനും ഭർത്താവും മുഹമ്മദ് റിയാസിനുമെതിരെ കോടതിയിൽ നിന്നും നേരിട്ട് ഹാജരാകാൻ ഉത്തരവുണ്ടായത് സിപിഎമ്മിന് കടുത്ത തലവേദനയായി മാറിയിട്ടുണ്ട്.











